കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതി നാലുവർഷത്തെ കഠിനതടവിന് ശിക്ഷിച്ച മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി ജയിലിൽ മോചിതനായി.
ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനേത്തുടർന്നാണ് നടപടി.
ശിക്ഷാവിധിസ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്.
അനധികൃതസ്വത്തുസമ്പാദനക്കേസിൽ തച്ചങ്കരിക്ക് സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്.
തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുൻ ഡി.ജി.പി. അഴിമതിക്കേസിൽ ജയിലിലാകുന്നത്.
2003 ജനുവരി ഒന്നുമുതൽ 2007 ജൂലായ് നാലുവരെയുള്ള കാലയളവിൽ ഐ.ജി.യായിരിക്കേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കേസ്.
ഇക്കാലയളവിൽ അദ്ദേഹത്തിന്റെ ആകെ വരുമാനം 47,64,913 രൂപയായിരുന്നു. എന്നാൽ, 1.02 കോടി രൂപ ചെലവാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
135 ശതമാനം അധികസ്വത്ത് സമ്പാദിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പക്ഷേ, 30,84,892 രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കോടതി കണ്ടെത്തിയത്.
ഈ സമ്പാദ്യത്തിന്റെ വരവ് ബോധ്യപ്പെടുത്താൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല.
ഈ തുകയാണ്പിഴയായിവിധിച്ചത്. കേസിൽ 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 271 പ്രമാണങ്ങളും ഹാജരാക്കി.
2025 നവംബർ ഒന്നിനാണ് കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. ഒൻപതു മാസംകൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് ശിക്ഷവിധിച്ചത്.






