കോട്ടയം: ഓണത്തെ വരവേൽക്കാൻ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ
ഒരുങ്ങി കഴിഞ്ഞു. ഇത്തവണ നേരെത്തെ കാലവർഷത്തിന്റെ ആശങ്കകൾ ഒഴിഞ്ഞതോടെ ശുഭപ്രതീക്ഷയിലാണ് ടുറിസം സംരംഭകർ. വള്ളംകളി സീസൺ ഇരട്ടിഊർജ്ജമാണ്.
നെഹ്റുട്രോഫി മത്സരവള്ളംകളിക്ക് പിന്നാലെ ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കമാകുന്നത് ടൂറിസംമേഖലയ്ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ.
ഓണം സീസൺ മുന്നിൽക്കണ്ട് സഞ്ചാരികൾക്കായി ടൂറിസം പാക്കേജുകളടക്കം റെഡിയാണ്. വിദേശ ടൂറിസ്റ്റുകളേയും ഇക്കുറി പ്രതീക്ഷിക്കുന്നുണ്ട്. വയനാട് മണ്ണിടിച്ചിൽ ദുരന്തം ആശങ്കയായെങ്കിലും കാലവർഷം പെട്ടെന്ന് ശമിച്ചത് ടൂറിസംമേഖലയ്ക്ക് ഉണർവായി.
ഓണത്തിന് ശേഷം പൂജാവധിയുമായി ബന്ധപ്പെട്ട ബുക്കിംഗുമുണ്ട്. റിസോർട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കും ഓണം സീസണിലെ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്.
ഓണം അവസാനിച്ചാലും സീസൺ തുടരും. വിനോദസഞ്ചാരികൾക്കായി ഓണസദ്യയും പുലികളിയും മറ്റും ഒരുക്കാനാണ് റിസോർട്ടുകളുടെ തീരുമാനം. വെടിക്കെട്ടും മറ്റ് ആഘോഷങ്ങളുമുണ്ട്.
കുമരകം, വാഗമൺ, ഇല്ലിക്കൽക്കല്ല് പ്രദേശങ്ങളിൽ ഈ വർഷം ഒന്നരലക്ഷത്തോളം പേർ എത്തിയതായാണ് കണക്ക്. മലയോര ടൂറിസം ആസ്വദിക്കാൻ അന്യസംസ്ഥാനക്കാരുടെ തിരക്കാണ്.
ഓണം മുതൽ ക്രിസ്മസ്, ന്യൂ ഇയർ വരെയുള്ള സീസണിനായി ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ്ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിലേക്ക് പോകുംവിധമാണിത്.






