കോട്ടയം: ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും സ്ലിപ്പിലോ സ്റ്റിക്കറിലോ വ്യക്തമാക്കിയിരിക്കണമെന്ന നിര്‍ദേശം ഇതുവരെ പാലിക്കാതെ ജില്ലയിലെ പല ഹോട്ടലുകളും ഇന്നും പ്രവർത്തിക്കുന്നു.
ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെ ചെറിയ അശ്രദ്ധ പോലും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം.
അറേബ്യന്‍ ഭക്ഷണത്തിനൊപ്പം നല്കുന്ന മയോണൈസ് വലിയ അപകടകാരിയാണ്. പച്ചമുട്ടയുടെ മഞ്ഞക്കരു ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് മണിക്കൂറുകളോളം പുറത്തു വെക്കുമ്പോള്‍ അതില്‍ സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ അതിവേഗം വളരുന്നു. ഇതു കടുത്ത വയറിളക്കത്തിനും ഛര്‍ദ്ദിക്കും കാരണമാകാം.
ഇറച്ചി, മുട്ട, മീന്‍, പാല് എന്നിവ ഉപയോഗിച്ചു തയാറാക്കിയ ഭക്ഷണങ്ങള്‍. ഇവ പാകം ചെയ്തതാണെങ്കില്‍ 60 ഡിഗ്രി സെല്‍ഷ്യസിലും വേവിക്കാത്ത നിലയിലാണെങ്കില്‍ മൈനസ് 5 ഡിഗ്രി സെല്ഷ്യസിലുമാണു സൂക്ഷിക്കേണ്ടത്. മന്തിക്കടകളില്‍ ഓര്‍ഡര്‍ അനുസരിച്ചു നല്‍കാനായി ഇറച്ചി പുറത്തു വെക്കുമ്പോള്‍ ബാക്ടീരിയകള്‍ ഇരട്ടിക്കുന്നു.
എന്നാല്‍, ഹോട്ടലുകള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുന്നതു ചുരുക്കം. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് മന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നു വ്യക്തമാക്കുന്ന സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സല്‍ നിരോധിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാൽ അതൊന്നും ഇപ്പോഴും പല ഹോട്ടലുകളിലും നടപ്പിലാകുന്നില്ല എന്നതാണ് വാസ്തവം.
ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും സ്ലിപ്പിലോ സ്റ്റിക്കറിലോ വ്യക്തമാക്കിയിരിക്കണമെന്നും നിര്‍ദേശം. ഹൈ റിസ്ക് ഹോട്ട്ഫുഡ് വിഭാഗത്തിലുള്ളവ പാകം ചെയ്തു 2 മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ദൂരസ്ഥലത്താണ് എത്തിക്കേണ്ടതെങ്കില്‍ യാത്രയിലും 60 ഡിഗ്രി സെല്‍ഷ്യസ് നിലനിര്‍ത്തണം. സന്നദ്ധസംഘടനകള്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന പൊതിച്ചോര്‍ ഉള്‍പ്പെടെ എല്ലാത്തരം ഭക്ഷണത്തിനും ഉത്തരവ് ബാധകമാണെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കിയിരുന്നതാണ്. പക്ഷേ, ഇന്നു ഇത്തരം സ്റ്റിക്കറുകൾ പതിപ്പിക്കുന്ന ഹോട്ടലുകള്‍ കോട്ടയം ജില്ലയിൽ അപൂര്‍വമാണ്.






