കോട്ടയം : നാളെ തിരുവോണം ആഘോഷിക്കാൻ മലയാളക്കര ഒരുങ്ങുന്നതോടെ ഓണത്തിരക്കിലമര്‍ന്ന് കോട്ടയം നഗരം. ഓണക്കോടിയും വീട്ടുപകരണങ്ങളും പച്ചക്കറിയും പൂക്കളും വാങ്ങാനെത്തിയവര്‍ക്കൊപ്പം മഴയും എത്തിയതോടെ നഗരം ആകെ കുരുങ്ങി. വലിയ തിരക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തില്‍ അനുഭവപ്പെടുന്നത്. പൂവിപണിയും പ്രാദേശിക വ്യാപാരികളുടെ ഓണം ഫെയറുകളും സജീവമായതോടെ തിരുനക്കരയും പരിസരവും ജനനിബിഡമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കളുടെ വരവ് ഇന്നലെ മുതല്‍ കൂടി. ഒപ്പം വിലയും കൂടി. തുണിക്കടകളിലും മാളുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണക്കോടി വാങ്ങാന്‍ കുടുംബസമേതമാണ് ആളുകള്‍ എത്തുന്നത്. വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളിലും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ വ്യാപാരം ഉഷാറായി.
സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രത്യേക ഓണച്ചന്തകളില്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങാന്‍ നീണ്ട ക്യൂവാണാണുള്ളത്. ഉത്രാടനാളില്‍ ഉള്‍പ്പെടെയുള്ള തിരക്കു ഭയന്ന് നേരത്തെ ഓണഘോഷ വിഭവങ്ങള്‍ ശേഖരിക്കാനുള്ള തിരക്കാണ് നഗരത്തെ കുരുക്കിയത്. ഓണം പ്രമാണിച്ച് ഞായറാഴ്ചയും വസ്ത്ര, ഗൃഹോപകരണ ശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇന്നലെ രാവിലെ മുതല്‍ തിരക്ക് അധികമായിരുന്നു.
പതിവ് പോലെ കെകെ റോഡില്‍ കഞ്ഞിക്കുഴി കടന്നു കിട്ടാന്‍ യാത്രക്കാര്‍ക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വന്നു. ഇടവിട്ടു മഴ പെയ്യാനും തുടങ്ങിയതോടെ കുരുക്ക് മുറുകി. കഞ്ഞിക്കുഴി ജംഗ്ഷനിലെ തിരക്ക് മാങ്ങാനം, ദേവലോകം , വടവാതൂര്‍ റൂട്ടുകളിലും കുരുക്കു മുറുക്കാന്‍ കാരണമായി. കൂടുതൽ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. എംസി റോഡിലും, കെകെ റോഡിലും പതിവില്‍ കവിഞ്ഞ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.






