കടുത്തുരുത്തി: കൃഷിവകുപ്പിന്റെ കോട്ടയം ജില്ലാതല ഓണച്ചന്തയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി കൃഷിഭവനില്‍ ജലവിഭവ- ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചാണ് ഓഗസ്റ്റ് 25 വരെ ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്.
ഓണ വിപണിയില്‍ ഭക്ഷ്യോത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താൻ ഉപകരിക്കുന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആൻ മരിയ ജോർജ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഓണച്ചന്തയിലെ ആദ്യ വില്പന മന്ത്രിക്ക് പച്ചക്കറികള്‍ നല്കി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോർജ് വെട്ടിക്കത്തടത്തില്‍ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻകാലാ, മിനി ബാബു, മിനിമോള്‍ ടോമി, ധന്യ വേണുഗോപാല്‍, ലൈസമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ, പഞ്ചായത്തംഗം ടോമി മാത്യു പ്രാലടിയില്‍, പ്രിൻസിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസർ ബിനു തോമസ്, ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി ,അസിസ്റ്റന്റ് ഡയറക്ടർ ടി.ആർ. സ്വപ്ന, കൃഷി ഓഫീസർ രേഷ്മ എസ്. നായർ
തുടങ്ങിയവർ പങ്കെടുത്തു.






