ചങ്ങനാശേരി: വാഴൂര്‍ റോഡിന്റെ വശങ്ങളില് അപകടഭീഷണിയുയര്‍ത്തി പടുകൂറ്റൻ മരങ്ങൾ.
മഴയും കാറ്റും ശക്തമായിട്ടും അപകട സാഹചര്യം ഒഴിവാക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ല.
കഴിഞ്ഞ ദിവസം കുരിശുംമൂടിനു സമീപം മരംവീണ് കാറ് തകര്‍ന്നെങ്കിലും വാഹനത്തിലുണ്ടായിരുന്ന പിതാവും നാല് മക്കളും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് ഒരു ഡസനിലേറെ മരങ്ങളാണ് പൊതുജനങ്ങൾക്ക് ഭീഷണിയായി ഉയർന്നു നിൽക്കുന്നത്.
പെരുമ്പനച്ചി, ഇല്ലിമൂട്, നടയ്ക്കാപ്പാടം ഭാഗങ്ങളിലും മരങ്ങള്‍ അപകടക്കെണിയായിട്ടുണ്ട്.
പെരുമ്പനച്ചിയിലുള്ള മാടപ്പള്ളി സഹകരണ ബാങ്ക് ഓഫീസിനു മുകളിലേക്കു നില്ക്കുന്ന കൂറ്റന്‍ മരം ഏതുസമയവും നിലപൊത്തുമെന്ന സ്ഥിതിയിലായിട്ടും അധികൃതർക്ക് കുലുക്കമില്ല.
അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും എംഎൽഎയ്ക്കും ജില്ലാ കളക്ടർക്കുമെല്ലാം പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.






