കോട്ടയം : കൊരട്ടി അങ്ങാടി റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തം. കൂടാതെ ഇവിടേക്ക് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കൊരട്ടി അങ്ങാടി റെയില്‍വേ സ്റ്റേഷൻ ഡെവലപ്മെന്റ് കമ്മിറ്റി കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം നല്കി.
2010ലും 2016ലും റെയില്‍വേ അധികൃതർ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം സമർപ്പിച്ചത്. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടു വർഷങ്ങളായി ആവശ്യപ്പെടുന്ന വിവിധ പദ്ധതികള്‍ ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
കാലപ്പഴക്കവും കേടുപാടുകളും നേരിടുന്ന സ്റ്റേഷൻ കെട്ടിടം പുനർനിർമിക്കണം. സ്റ്റേഷനിലെ ഇരുഭാഗത്തുമുള്ള പ്ലാറ്റ്ഫോമുകളില്‍ നിർമാണം ആരംഭിച്ചിട്ടുള്ള കാത്തിരിപ്പുഷെഡുകളും മിനി വെയിറ്റിംഗ് ഷെഡുകളും എത്രയും വേഗം പൂർത്തിയാക്കണം. അടച്ചുപൂട്ടിയ ലെവല്‍ ക്രോസിംഗിനു പകരം അണ്ടർബ്രിഡ്ജ് നിർമിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.






