ബെംഗളൂരു : കർണാടകയില്‍ സിവില്‍ കേസിലെ കോടതി വിധി തനിക്ക് അനുകൂലമാക്കുന്നതിനായി കോടതി മുറിക്കുള്ളില്‍ കയറി ജഡ്ജിയുടെ കസേരയില്‍ ആഭിചാര ക്രിയ നടത്തിയ 65-കാരി പൊലീസ് പിടിയില്‍.
കർണാടക ചിക്ബല്ലാപൂർ സ്വദേശിനിയായ മഞ്ജുള എന്ന വൃദ്ധയെയാണ് കോടതി ജീവനക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഈ അസാധാരണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.തന്റെ പേരില്‍ കോടതിയിലുള്ള ഒരു സിവില്‍ തർക്കക്കേസിന്റെ വിസ്താരത്തിനായി എത്തിയതായിരുന്നു മഞ്ജുള. കോടതി നടപടികള്‍ ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ ഇവർ കോടതി മുറിക്കുള്ളില്‍ പ്രവേശിച്ചിരുന്നു.
കോടതി ജീവനക്കാരോ മറ്റ് അഭിഭാഷകരോ മുറിയില്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് വൃദ്ധ ആഭിചാര ക്രിയകള്‍ നടത്തിയത്. ജഡ്ജി ഇരിക്കുന്ന കസേരയിലും അതിന് ചുറ്റുമുള്ള ഭാഗങ്ങളിലും ഇവർ മന്ത്രവാഹത്തിന്റെ ഭാഗമായി വെളുത്ത കടുക് വിതറുകയായിരുന്നു
കേസില്‍ തനിക്ക് അനുകൂലമായ വിധിന്യായം ജഡ്ജിയില്‍ നിന്ന് ഉണ്ടാകുന്നതിന് വേണ്ടിയാണ് മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഇത്തരമൊരു അന്ധവിശ്വാസപരമായ പ്രവൃത്തിക്ക് മുതിർന്നതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവർ വ്യക്തമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
രാവിലെ കോടതി ജീവനക്കാർ എത്തിയപ്പോള്‍ കസേരയ്ക്ക് ചുറ്റും കടുക് വിതറിയത് കണ്ട് സംശയം തോന്നി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വൃദ്ധയുടെ വിചിത്രമായ ആഭിചാര ക്രിയകള്‍ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടൻ കോടതിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിക്ബല്ലാപൂർ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. അന്ധവിശ്വാസ നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.






