കൊച്ചി: മാസപ്പടിക്കേസില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.
സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്തവെ, ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ച ഹർജിക്കാരൻ ആരെന്ന് കോടതി ചോദിച്ചു.
എന്താണ് ഈ കേസില്‍ വ്യവഹാരത്തിനുള്ള നിയമപരമായ യോഗ്യതയെന്നും കെഎം ഷാജഹാന്റെ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു.
മാധ്യമങ്ങള്‍ നിങ്ങളെ പിന്തുണച്ചേക്കാം. പക്ഷേ, അത് ഹൈക്കോടതിക്ക് ബാധകമല്ലെന്നും കോടതിയെ പഠിപ്പിക്കാൻ വരരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നല്കി.
നിങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
ആദ്യം പൊലീസിന് പരാതി നല്‍കണം. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഉന്നത അധികാരിയെ സമീപിക്കണം. അതിന് ശേഷം സ്വകാര്യ അന്യായവുമായി മജിസ്ട്രേറ്റിനെ സമീപിക്കണം. മജിസ്ട്രേറ്റ് പരാതി പൊലീസിന് കൈമാറണം. ഇതാണ് രാജ്യത്തെ നിയമമെന്നും കേസെടുക്കാനുള്ള ക്രിമിനല്‍ നടപടിക്രമം അഴിമതിക്കേസില്‍ ബാധകമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
കേസില്‍ ഷാജഹാന്റെ ഇടപെടലിനെ സംസ്ഥാന സർക്കാറും കുറ്റപ്പെടുത്തി. ഹർജിക്കാരൻ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചതാണ് സർക്കാറിന്റെ പ്രാഥമിക അന്വേഷണത്തെ തടസ്സപ്പെടുത്തിയതെന്ന് എജി വാദത്തിനിടെ പറഞ്ഞു.






