തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും റെഡ് അലർട്ടും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാര മേഖലയ്ക്ക് കർശന ജാഗ്രതാ നിർദേശം നല്കി.
വിനോദസഞ്ചാര വകുപ്പിനും എല്ലാ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലുകള്‍ക്കുമാണ് പ്രത്യേക നിർദേശം നല്‍കിയിരിക്കുന്നത്.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും സമീപ പ്രദേശങ്ങളിലും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങളോട് ചേർന്നുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം പൂർണമായും നിയന്ത്രിക്കണം.
പ്രധാന നിർദേശങ്ങള്‍ ഇവ
തീരത്ത് മൂന്നാം നമ്പർ ജാഗ്രതാ സിഗ്നല്‍
കേരള-കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം നല്കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശും. ചില അവസരങ്ങളില്‍ ഇത് 60 കിലോമീറ്റർ വരെ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കല്‍, കൊച്ചി, ആലപ്പുഴ, നീണ്ടകര, തിരുവനന്തപുരം തുറമുഖങ്ങളില്‍ ലോക്കല്‍ ക്വാഷനറി സിഗ്നല്‍ നമ്പർ III അതായത് മൂന്നാം നമ്പർ ജാഗ്രതാ സിഗ്നല്‍ ഉയർത്തി നിർത്താൻ നിർദേശം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
മത്സ്യത്തൊഴിലാളികള്‍, ചെറുവള്ളങ്ങളുടെ ഉടമകള്‍, ബോട്ടുടമകള്‍, തീരദേശ യാത്രക്കാർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കർശനമായി പാലിക്കണം. റെഡ് അലർട്ട് ഉള്ള ജില്ലകളില്‍ ടൂർ പാക്കേജുകളും ജലവിനോദങ്ങളും താല്‍ക്കാലികമായി നിർത്തിവെക്കാനും വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സഞ്ചാരികള്‍ സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.






