ചിങ്ങവനം: പോലീസ് സേനയ്ക്ക് തന്നെ ആകമാനം നാണക്കേട് ഉണ്ടാക്കി പൊതുസ്ഥലത്ത് ക്രമസമാധാനപാലനം ഉറപ്പാക്കേണ്ട നിയമപാലകർ തമ്മിൽ അടിപിടി. സഹപ്രവർത്തകന്റെ വീട് 'പാലുകാച്ചല്‍' ചടങ്ങിന് പങ്കെടുക്കാനെത്തിയ പോലീസുകാരാണ് ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. സംഭവം വൻ വിവാദത്തിലേക്ക്.
വാർത്ത പുറത്തുവന്നിട്ടും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നല്കാൻ തയ്യാറാകാതെ കേസ് ഒതുക്കിത്തീർക്കാനാണ് നീക്കം നടക്കുന്നത്. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെയും ഡിവൈ.എസ്.പി ഓഫീസിലെയും ഉദ്യോഗസ്ഥരാണ് പരസ്യമായി ഏറ്റുമുട്ടിയത്. ഓഗസ്റ്റ് 21-ന് വൈകിട്ട് ആറുമണിയോടെ കുറിച്ചി കാലായിപ്പടിയിലാണ് നാടിന് നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നത്.
ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ (സി.പി.ഒ) വീടിന്റെ ഗൃഹപ്രവേശത്തില്‍ (പാലുകാച്ചല്‍) പങ്കെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരാണ് തമ്മിലടിയില്‍ കലാശിച്ചത്. മുൻപും ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങളില്‍ അകല്‍ച്ചയിലായിരുന്ന ഇരുകൂട്ടരും തമ്മില്‍ ചടങ്ങിനിടെ വീണ്ടും വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുകയും പോലീസുകാർ പരസ്യമായി തെരുവില്‍ ഏറ്റുമുട്ടുന്ന കാഴ്ചയുമാണ് കണ്ടത്.
ഡിവൈ.എസ്.പി ഓഫീസിലെ റൈറ്ററുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും ചങ്ങനാശേരി സ്റ്റേഷനിലെ സി.പി.ഒയും തമ്മിലാണ് ആദ്യം തർക്കമുണ്ടായത്. തുടർന്ന് ഇവർ ചേരിതിരിയുകയും നാലുപേരടങ്ങുന്ന സംഘം ചേർന്ന് സ്റ്റേഷനിലെ സി.പി.ഒയെ മർദ്ദിക്കുകയുമായിരുന്നു. അടിയന്തരമായി ക്രമസമാധാനം ഉറപ്പാക്കേണ്ടവർ തന്നെ നാട്ടുകാരുടെ മുന്നില്‍ വെച്ച് അക്രമത്തില്‍ ഏർപ്പെട്ടത് പോലീസിന് വലിയ രീതിയിലുള്ള നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചും വിവരങ്ങള്‍ അറിഞ്ഞിട്ടും ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉന്നതാധികാരികള്‍ക്ക് കൈമാറിയിട്ടില്ലെന്ന ഗുരുതര ആരോപണവും ഉയർന്നുവരുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം മറച്ചുവെച്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി അന്വേഷണ വിവരങ്ങള്‍ പൂഴ്ത്തിവെക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്.
ചങ്ങനാശേരി ഡിവൈ.എസ്.പി നേരിട്ട് ഇടപെട്ടാണ് വിഷയം ഒതുക്കിത്തീർക്കാൻ നീക്കം നടത്തുന്നതെന്ന ആരോപണവും സേനയ്ക്കുള്ളില്‍ ശക്തമാണ്. പൊതുസ്ഥലത്ത് ക്രമസമാധാനം തകർത്ത പോലീസുകാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുന്നതിന് പകരം കുറ്റക്കാരെ രക്ഷിക്കാൻ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നതില്‍ പോലീസ് സേനയ്ക്കുള്ളില്‍ തന്നെ വലിയ രീതിയിലുള്ള അമർഷവും വിയോജിപ്പും പുകയുന്നുണ്ട്.






