ന്യൂഡല്‍ഹി : കേരളം ബില്‍ 2026 പാസാക്കി ലോക്സഭ. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്നതിനുള്ള ബില്ലാണ് ഇന്ന് ലോക്സഭ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രം ബില്ലിന് അംഗീകാരം നല്‍കിയത്.
ഇനി രാജ്യസഭയുടെ കൂടി അംഗീകാരം ലഭിച്ച് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ 'കേരളം' എന്ന പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഔദ്യോഗികമായി നിലവിൽ വരും. ആറ് മിനിറ്റുകള്‍ കൊണ്ടാണ് നടപടി ക്രമങ്ങള്‍ കേന്ദ്രം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് നിത്യാനന്ദ റായ് സഭയില്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പോലും കേരളം ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും വിമര്‍ശിച്ചു.
എന്നാൽ, ബില്ലിൽ ചർച്ചയ്ക്ക് അന്തരീക്ഷം ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി വിമർശിച്ചു. ചർച്ച കൂടാതെ ബില്ല് പാസാക്കരുതെന്ന യുഡിഎഫ് എംപിമാരുടെ ആവശ്യം തള്ളിയെങ്കിലും, ബഹളത്തിനിടയിലും ബില്ലിനെ അനുകൂലിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന രൂപീകരണ സമയം മുതൽ മലയാളത്തിൽ 'കേരളം' എന്നാണെങ്കിലും ഭരണഘടനയിൽ 'കേരള' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം കേന്ദ്ര സർക്കാർ ലോക്സഭയിൽ ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയത്.






