ഡല്‍ഹി: മലയാളികള്‍ക്ക് തിരുവോണ സമ്മാനമായി സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നത് 'കേരളം' എന്നാക്കിയ നിയമം പ്രാബല്യത്തില്‍.
വർഷകാല സമ്മേളനത്തില്‍ പാർലമെന്റ് പാസാക്കിയ നിയമത്തിന് ആഗസ്റ്റ് 14ന് രാഷ്ട്രപതി അംഗീകാരം നല്‍കിയെങ്കിലും ഇന്നാണ് കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതിനാല്‍ 2027 ആഗസ്റ്റ് 25ന് മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും കേരളം ആകും. കോടതികളിലും പേരുമാറ്റം ബാധകമാകും. 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ തുടർച്ചയായി രാഷ്ട്രപതിയുടെ ശുപാർശയോടെയാണ് ബില്‍ പാർലമെന്റില്‍ അവതരിപ്പിച്ചത്.
പേരു മാറുമ്പോള്‍ 'ഗവണ്മെന്റ് ഒഫ് കേരളം" എന്ന് ഇഗ്ലീഷിലും മലയാളത്തില്‍ 'കേരളം സർക്കാർ" എന്നും മാറ്റണം. കേരള നിയമസഭ കേരളം നിയമസഭ എന്നാവും. സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫിസുകള്‍ വരെയുള്ള സർക്കാർ ഓഫീസുകളുടെ ബോർഡുകള്‍, മുദ്രകള്‍, ലെറ്റർപാഡുകള്‍, വെബ്സൈറ്റുകള്‍, ആപ്പുകള്‍, ലോഗോകള്‍ എന്നിവയെല്ലാം മാറ്റേണ്ടിവരും.
സർട്ടിഫിക്കറ്റുകള്‍, ഗസറ്റുകള്‍, റേഷൻ കാർഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്നിവയെല്ലാം പുതിയ പേരില്‍ അച്ചടിക്കേണ്ടി വരും. പൊതുമേഖല സ്ഥാപനങ്ങളുടെയും ബോർഡ്- കോർപ്പറേഷനുകളുടെയും പേര് മാറും. പി.എസ്.സിയുടെ പേരിനൊപ്പം കേരളം ചേർക്കും. കമ്മിഷനുകളുടെയും ക്ഷേമനിധികളുടെയുമെല്ലാം പേരും മാറും.






