തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയുമുള്ള തീരപ്രദേശങ്ങളിലാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.2 മീറ്റർ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം, കന്യാകുമാരി തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണ സാധ്യതയുണ്ട്. വ്യാഴാഴ്ച പുലർച്ചെ 2.30 മുതല്‍ രാത്രി 11.30 വരെ 1.1 മുതല്‍ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കടല്‍ക്ഷോഭം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഉയർന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ള സാഹചര്യത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമാണ്. അതിനാല്‍ തിരമാല ശക്തമാകുന്ന സമയത്ത് ഇത്തരം പ്രവർത്തനങ്ങള്‍ പൂർണമായും ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളില്‍ സുരക്ഷിതമായി കെട്ടിയിടണം. യാനങ്ങള്‍ തമ്മില്‍ മതിയായ അകലം ഉറപ്പാക്കുകയും മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും വേണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദപ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം. തീരശോഷണത്തിനും സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.






