ആലപ്പുഴ : കരുവാറ്റയില്‍ 67കാരനെ കൊലപ്പെടുത്തിയ കേസില്‍ കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്. ശനിയാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് അപേക്ഷ നല്‍കും.
കുറ്റകൃത്യ ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ച പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൊലപാതകം പിടിക്കപ്പെട്ടാലും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൗമാരക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും മരുന്നു നല്‍കാനാണ് ഹരിപ്പാട് എത്തിയതെന്നും പറയാൻ പരസ്പരം തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ ചാറ്റുകള്‍ പോലീസ് കണ്ടെത്തിയതോടെ കൗമാരക്കാരുടെ പ്ലാൻ ബി പൊളിഞ്ഞു.
കൂടാതെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം സ്വന്തം പിതാവിന് മേല്‍ കെട്ടിവയ്ക്കാനും കൗമാരക്കാരി ശ്രമിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ അടക്കം വാട്സാപ്പില്‍ അവശേഷിച്ചിരുന്നതിനാലാണ് കൗമാരക്കാരി പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടാലും വലിയ ശിക്ഷ കിട്ടില്ലെന്ന് പെണ്‍കുട്ടി മറ്റു മൂന്ന് കൗമാരക്കാരെ അറിയിച്ചിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു.






