തിരുവനന്തപുരം: സിഗരറ്റ് വലിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മണമ്പൂർ സ്വദേശി ജെയിംസ് ഉണ്ണി (36), ഒ.എം.ആർ. എന്ന ലിജു (28), കടയ്ക്കാവൂർ സ്വദേശി ഷിബു (40) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്.
കല്ലമ്പലം കരവാരം സ്വദേശി സുധീറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സുഹൃത്തിന്റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്.
തർക്കത്തിനിടെ പ്രതികൾ സുധീറിനെ തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിക്കുകയും ബിയർ കുപ്പി ഉപയോഗിച്ച് മുതുകിൽ കുത്തുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സുധീറിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി കടയ്ക്കാവൂർ എസ്.എച്ച്.ഒ. സജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
തുടർന്ന് വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായ മൂന്നുപേരെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






