കാസർഗോഡ്: വിവാഹവാർഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുട്ടികളടക്കം 6 പേർ ചികിത്സ തേടി.
കാസർഗോഡ് പരപ്പയിലാണ് സംഭവം. കനകപ്പള്ളി സ്വദേശിയായ സലീം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തി. തുടർന്ന് കേക്ക് വില്‍പ്പന നടത്തിയ ബേക്കറി അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ നിർദേശം നല്കി.
വിവാഹവാർഷിക ആഘോഷത്തിനായാണ് പരപ്പയിലെ ഒരു ബേക്കറിയില്‍ നിന്ന് സലീം കേക്ക് വാങ്ങിയത്. കുടുംബത്തിലെ കുട്ടികളുള്‍പ്പെടെയുള്ളവർ കേക്ക് കഴിച്ചു. കേക്ക് കഴിഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ കഴിച്ചവർക്ക് ഛർദി, വയറുവേദന, ദേഹാസ്വാസ്ഥ്യം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായി.
സംശയം തോന്നിയ കുടുംബാംഗങ്ങള്‍ ബാക്കിയുണ്ടായിരുന്ന കേക്ക് പരിശോധിച്ചപ്പോഴാണ് അതില്‍ വ്യക്തമായി പൂപ്പല്‍ ഉള്ളതായി കണ്ടത്. ഉടൻതന്നെ ദേഹാസ്വാസ്ഥ്യം പ്രകടമായ ആറുപേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം ഇവർ വീട്ടിലേക്ക് മടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു.
സംഭവത്തില്‍ സലീം ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യ വകുപ്പിനും പരാതി നല്കി. പരാതി ലഭിച്ച ഉടൻതന്നെ ഉദ്യോഗസ്ഥർ ബേക്കറിയില്‍ പരിശോധന നടത്തി. ശുചിത്വമില്ലായ്മയും കാലാവധി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചതും കണ്ടെത്തിയതിനെ തുടർന്നാണ് ബേക്കറി അടപ്പിച്ചത്.
സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആഘോഷങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ കാലാവധിയും ഗുണനിലവാരവും ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നും അവർ അഭ്യർഥിച്ചു.






