കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ ഭിക്ഷാടകനെ കാറിടിച്ച് വലിച്ചിഴച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു.
കടത്തൂർ സ്വദേശി ഷാജഹാനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ അർധരാത്രിയോടുകൂടി കൊല്ലം വവ്വാക്കാവിലാണ് അപകടമുണ്ടായത്.
കാറിന് മുൻവശം ഒരാള്‍ ഉണ്ടായിരുന്നു എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഏകദേശം രണ്ട് കിലോമീറ്ററിലധികം ദൂരം ഭിക്ഷാടകനെ വലിച്ചഴിച്ചു കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.
ദേശീയപാതയുടെ സമീപത്തുള്ള റോഡിലേക്ക് കയറുന്ന സമയത്താണ് ഭിക്ഷാടകൻ കാറിന് മുന്നില്‍പ്പെട്ടത്. സംഭവശേഷം ഇയാള്‍ ഭിക്ഷാടകൻ്റെ മൃതദേഹം ഒരു വശത്തേക്ക് മാറ്റിയ ശേഷം യാത്ര തുടരുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ അടക്കം ഇത് വ്യക്തമാണ്. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന ഷാജഹാനാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.






