കറുകച്ചാല്‍: മുന്‍പരിചയം നടിച്ചു മദ്യം നല്കി അവശനാക്കിയ ശേഷം മധ്യവയസ്കനെ തട്ടി ക്കൊണ്ടുപോയി സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ മൂന്നു പേര് കറുകച്ചാല്‍ പോലീസിന്റെ പിടിയില്‍.
കറുകച്ചാല്‍ ശാന്തിപുരം സ്വദേശിയും നെടുംകുന്നം പുന്നവേലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ജോസഫ് വര്‍ഗീസ് (61) ആണ് കവര്‍ച്ചയ്ക്ക് ഇരയായത്.
ആലപ്പുഴ ചേര്‍ത്തല സ്വദേശി സുധീഷ് കുമാര്‍(45)കൊമ്മാടി സ്വദേശി അനീഷ് ആന്റണി(47) കരുനാഗപ്പള്ളി തേവലക്കര സ്വദേശി അനില്‍ കെ രാജന് (47)എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണു കേസിനു ആസ്പദമായ സംഭവം. കറുകച്ചലിലെ ബാറില്‍ വച്ചാണു മുന്പരിചയക്കാരെന്നു നടിച്ചു പ്രതികള്‍ ജോസഫ് വര്‍ഗീസിനെ വലയിലാക്കുന്നത്. തുടര്‍ന്നു കറുകച്ചാലിലെ മദ്യ വിലപ്പനശാലയില്‍ നിന്നും മദ്യം വാങ്ങി പ്രതികള്‍ മൂന്നു പേരും ജോസഫ് വര്‍ഗീസും മാമ്മൂടിനു സമീപം കൊച്ചു റോഡിലൂള്ള ജോസഫ് വര്‍ഗീസിന്റെ സുഹൃത്തിന്റെ വീട്ടിലെത്തി. ഇതിനിടെ മദ്യപിച്ച് അവശ നിലയിലായ ജോസഫിനെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു നാലു പേരും രണ്ടു ബൈക്കുകളായി ചിങ്ങവനം മാളിയേക്കടവ് ഭാഗത്തേക്കാണു പോയത്.
ഇവിടെ ആളൊഴിഞ്ഞ പുരയിയിടത്തില്‍ ജോസഫ് വര്‍ഗീസിനെ ഉപേക്ഷിച്ച ശേഷം കഴുത്തില്‍ അണിഞ്ഞിരുന്ന നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാലയുമായി കടന്നു കളയുകയായിരുന്നു.
തുടര്‍ന്നു പ്രദേശവാസികളുടെ സഹായത്തോടെ ജോസഫ് വര്‍ഗീസ് കറുകച്ചാല്‍ പോലീസിലെത്തി പരാതി നല്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിചച്ചും പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പിന്തുടര്ന്നും 24 മണിക്കൂറിനുള്ളില്‍ മൂന്നു പേരെയും വലയിലാക്കാന്‍ കഴിഞ്ഞതായി ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആഷാദ് എസ് പറഞ്ഞു.
സമാന രീതിയില്‍ മുന്‍പും പ്രതികള്‍ കവര്‍ച്ച നടത്തിയിരിക്കാമെന്നു ഡിവൈ.എസ്.പി പറഞ്ഞു. കവര്‍ച്ച ചെയ്ത സ്വര്‍ണമാല ചിങ്ങവനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. 3,50,000രൂപയ്ക്കാണ് മാല വിറ്റത്. ഇതില്‍ 2,96,000 പ്രതികളുടെ കൈവശം ഉണ്ടായിരുന്നു. സഞ്ചരിച്ചിരുന്ന ഒരു ബൈക്കും കണ്ടെത്തി. മറ്റൊരു ബൈക്കിനായി അന്വേഷണം തുടങ്ങി.






