കോട്ടയം: കരള്‍ മാറ്റ ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടറില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു.
പത്തോളം രോഗികളാണ് കരള്‍മാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്.
2022 ഫെബ്രുവരിയിലാണു കോട്ടയത്ത് ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. ആകെ ഏഴു കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ മാത്രമാണ് മെഡിക്കല്‍ കോളജില്‍ നടന്നത്.
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ലൈസൻസുള്ള വകുപ്പുമേധാവി തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം വാങ്ങിയതോടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയകള്‍ നിലച്ചതെന്നാണ് രോഗികള്‍ പറയുന്നത്.
2025 ഏപ്രില്‍ ഒന്നു മുതല്‍ വകുപ്പുമേധാവി ശൂന്യവേതനാവധിയില്‍ പ്രവേശിച്ചതോടെയാണു കരള്‍മാറ്റ ശസ്ത്രക്രിയകള്‍ മുടങ്ങിയത്.
പകരമെത്തിയ ഡോക്ടർ കരള്‍മാറ്റ ശസ്ത്രക്രിയാ ലൈസൻസിന് അപേക്ഷ സമർപ്പിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.
അവധി കഴിഞ്ഞെത്തിയ വകുപ്പുമേധാവി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങുകകൂടി ചെയ്തതോടെ ശസ്ത്രക്രിയകള്‍ പൂർണമായും നിലച്ച അവസ്ഥയിലാണ്.
അതേസമയം, കരള്‍മാറ്റ ശസ്ത്രക്രിയാ വിഭാഗം കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.






