കോട്ടയം : നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വൈക്കം കല്ലറ സ്വദേശിയായ യുവാവിന് ആറുമാസത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരമാണ് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയത്.
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കല്ലറ വില്ലേജിൽ മുണ്ടാർ കരയിൽ നൂറ്റിപ്പത്ത് ചിറ ഭാഗത്ത് ചിറയിൽ (പാറയിൽ) വീട്ടിൽ 39കാരനായ ശ്രീകാന്തിനെതിരെയാണ് നടപടി. കാപ്പാ നിയമ പ്രകാരം കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ ആറുമാസക്കാലത്തേക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് 2026 ഓഗസ്റ്റ് 3ന് നടപ്പാക്കി.
ഉത്തരവ് പ്രാബല്യത്തിൽ വന്ന തീയതി മുതൽ ആറുമാസക്കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ ഇയാൾക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ പ്രവേശിക്കാനോ സഞ്ചരിക്കാനോ സാധിക്കില്ല.
കാപ്പാ നിയമപ്രകാരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുസമാധാനവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുമായി പോലീസ് സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.






