കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്റെ ഭാഗമായുള്ള മേൽപാലത്തിന്റെ നിർമാണം വീണ്ടും ആരംഭിച്ചു. പില്ലർ നിർമാണത്തിലുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് കോൺക്രീറ്റിങ് ജോലികൾ പുനരാരംഭിച്ചതെന്ന് റോണി കെ. ബേബി എംഎൽഎ അറിയിച്ചു.
മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മുകളിലൂടെ നിർമിക്കുന്ന മേൽപാലത്തിന്റെ പില്ലറുകളുടെ കോൺക്രീറ്റിങ് ജോലികളാണ് നിലവിൽ നടക്കുന്നത്. സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി നിർമാണം നിർത്തിവെച്ചിരിക്കുകയായിരുന്നു.
ആദ്യ രൂപരേഖയിൽ പ്രധാന തൂണുകളിലൊന്നായ പി-1 പില്ലറിന് 2.3 മീറ്റർ ഉയരമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അടിത്തറയിൽ പ്രതീക്ഷിച്ച രീതിയിൽ പാറ കണ്ടെത്താനാകാതിരിക്കുകയും ലഭ്യമായ പാറയ്ക്ക് ചെരിവ് ഉണ്ടായിരിക്കുകയും ചെയ്തതോടെ പില്ലറിന്റെ ഉയരം 3.5 മീറ്ററായി വർധിപ്പിക്കേണ്ടിവന്നു.
ഇതോടെ പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായതിനെ തുടർന്ന് ഹിമാചൽ പ്രദേശിലെ മാൻഡി ഐഐടിയുടെയും പിന്നീട് ചെന്നൈ ഐഐടിയുടെയും വിദഗ്ധ പരിശോധനയ്ക്ക് പുതുക്കിയ ഡിസൈൻ സമർപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഐഐടികളുടെ അംഗീകാരം ലഭിച്ചതായി എംഎൽഎ അറിയിച്ചു.
തുടർന്ന് പുതുക്കിയ രൂപരേഖ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന് സമർപ്പിക്കുകയും അവിടുത്തെ നിർദേശങ്ങൾ ഉൾപ്പെടുത്തിയ ശേഷം റോഡ്സ് ആൻഡ് ബ്രിജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളിന്റെ അന്തിമ അനുമതിയും ലഭിച്ചതോടെയാണ് കോൺക്രീറ്റിങ് ജോലികൾ വീണ്ടും ആരംഭിച്ചത്.
ബൈപാസ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും തുടർ നടപടികൾ തീരുമാനിക്കുന്നതിനുമായി പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയുടെ ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരുമെന്നും റോണി കെ. ബേബി എംഎൽഎ അറിയിച്ചു.






