കോട്ടയം: കഞ്ചാവിന്റെ സാന്നിധ്യമുള്ള മിഠായി ഉപയോഗിച്ചിരുന്ന ഒൻപത് വിദ്യാർഥികളെ എക്സൈസ് പിടികൂടി ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 14, 15, 16 വയസ്സുള്ള വിദ്യാർഥികളാണ് വിവിധ കേസുകളിലായി പിടിയിലായത്.
മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന്റെ നടപടി. മൂന്ന് മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിങ്ങില്‍നിന്ന് സംശയാസ്പദ സാഹചര്യത്തില്‍ 194 ഗ്രാം മിഠായി എക്സൈസ് പിടികൂടിയിരുന്നു. മിഠായിയുടെ സാമ്പിള്‍ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതോടെയാണ് കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
തുടർന്ന് ഋഷികേശ് സിങ്ങിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. പിന്നീട് ഇയാള്‍ക്ക് വന്ന ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്. വിളിച്ചവരില്‍ ഭൂരിഭാഗവും വിദ്യാർഥികളാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കി. തുടർന്നാണ് വിവിധ സ്ഥലങ്ങളില്‍നിന്നായി വിദ്യാർഥികളെ കഞ്ചാവ് മിഠായിയുമായി പിടികൂടിയത്.
പിടിയിലായ 15 വയസ്സുകാരനില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് മിഠായി കഴിച്ചാല്‍ നിർത്താതെ ചിരിക്കാൻ കഴിയുമെന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍ സ്ഥിരമായ ഉപയോഗം ചില വിദ്യാർഥികളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു.
കഞ്ചാവ് അടങ്ങിയ മിഠായിയുടെ തുടർച്ചയായ ഉപയോഗം നാഡീവ്യൂഹത്തെ ബാധിക്കാനും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നാണ് എക്സൈസിന്റെ മുന്നറിയിപ്പ്. പിടിയിലായ വിദ്യാർഥികള്‍ നിലവില്‍ എക്സൈസ് വിമുക്തി സെല്ലിന്റെ ചികിത്സയിലാണ്.
ജില്ലയില്‍ ഇതുവരെ വിദ്യാർഥികളില്‍നിന്ന് 974 ഗ്രാം കഞ്ചാവ് മിഠായി എക്സൈസ് പിടികൂടിയിട്ടുണ്ട്. ഒരു മിഠായിക്ക് ഏകദേശം അഞ്ച് ഗ്രാം തൂക്കമുണ്ട്. 40 മിഠായികളടങ്ങിയ ഒരു പായ്ക്കറ്റിന് 200 രൂപയാണ് വിലയെന്നാണ് എക്സൈസ് കണ്ടെത്തല്‍. കയ്പും മധുരവും കലർന്നതാണ് മിഠായിയുടെ രുചിയെന്നും അന്വേഷണ സംഘം പറയുന്നു.






