കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം ഒന്നരക്കോടി രൂപ വിലമതിക്കുന്ന നാലുകിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി ഹൈദരാബാദ് സ്വദേശി പിടിയില്‍.
ബാൻഡ്ലഗുഡ സ്വദേശിയായ ഷെയ്ഖ് സാവേദ് അലിയാണ് കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.തിങ്കളാഴ്ച (സെപ്റ്റംബർ 28) ബാങ്കോക്കില്‍ നിന്ന് കൊളംബോ വഴി എയർ ലങ്കൻ എയർലൈൻസിന്റെ UL 167 നമ്പർ വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്
തുടർന്ന് നടത്തിയ അന്വേഷണത്തില്‍, ഇതേ വിമാനത്തില്‍ മയക്കുമരുന്ന് കടത്താൻ സഹായിച്ച മറ്റൊരു യാത്രികനെയും കസ്റ്റംസ് പിടികൂടി. മഹാരാഷ്ട്ര കൊല്ഹാപുർ സ്വദേശിയായ ശിവപ്രതാപ് ജെയ്സിങ് സങ്കപാലാണ് പിടിയിലായ മറ്റൊരാള്‍. ഇരുവരുടെയും അറസ്റ്റ് കസ്റ്റംസ് ഔദ്യോഗികമായി രേഖപ്പെടുത്തി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സജീവമായ മയക്കുമരുന്ന് കടത്ത് സംഘത്തെക്കുറിച്ചുള്ള അന്വേഷണം കസ്റ്റംസ് ഊർജിതമാക്കിയിട്ടുണ്ട്.






