കാസർകോട്: മാല പൊട്ടിക്കലും വധശ്രമവും ഉള്‍പ്പെടെ നിരവധി ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയായി വർഷങ്ങളായി പൊലീസിനെയും കോടതിയെയും വെട്ടിച്ച് മുങ്ങിനടന്ന പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലീസ് എറണാകുളത്തു നിന്ന് സാഹസികമായി പിടികൂടി.
കോട്ടക്കുന്ന് പള്ളിക്കര സ്വദേശി മുഹമ്മദ് അറാഫത്ത് ആണ് പൊലീസിന്റെ രഹസ്യ നീക്കങ്ങള്‍ക്കൊടുവില്‍ വലയിലായത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ബേഡകം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2011 മേയ് 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബേഡകം ചെമ്പക്കാട് വെച്ച് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ ബൈക്കിലെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. വഴിയില്‍ വെച്ച് തടഞ്ഞുനിർത്തി പരാതിക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന രണ്ടേ മുക്കാല്‍ പവൻ വരുന്ന സ്വർണ്ണ താലിമാല പ്രതി കവർച്ച ചെയ്തു. മാല പിടിച്ചുപറിക്കുന്നതിനിടയിലുണ്ടായ രൂക്ഷമായ പിടിവലിയില്‍ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വൻ ഭീതി സൃഷ്ടിച്ച ഈ സംഭവത്തിന് പിന്നാലെ ബേഡകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കേസില്‍ പിടിയിലായെങ്കിലും പിന്നീട് കോടതിയില്‍ ഹാജരാകാതെ ഇയാള്‍ സ്ഥിരമായി മുങ്ങിനടക്കുകയായിരുന്നു. തുടർച്ചയായി സമൻസുകളും വാറന്റുകളും അയച്ചിട്ടും കോടതിയില്‍ എത്താതിരുന്നതിനെ തുടർന്ന് കാസർഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ ഔദ്യോഗികമായി പിടികിട്ടാപ്പുള്ളിയായി (LPC) പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുപുറമെ കാസർഗോഡ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത ഒരു വധശ്രമക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. വർഷങ്ങളായി വിവിധ സ്ഥലങ്ങളില്‍ വേഷവും മേല്‍വിലാസവും മാറി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതി.
തുടർന്ന്, ബേഡകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജിത കെ.യുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രതിക്കായി വലവിരിച്ചു. സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ രജീഷ് താരംതട്ട, ഷഫീഖ്, സിവില്‍ പൊലീസ് ഓഫീസർ സന്ദീപ് കെ. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. പ്രതി എറണാകുളം കളമശ്ശേരി ഭാഗത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഉടൻ തന്നെ എറണാകുളത്തെത്തുകയും തന്ത്രപരമായി ഇയാളെ പിടികൂടുകയുമായിരുന്നു.
വർഷങ്ങളായി നിയമത്തിന് മുന്നില്‍ നിന്ന് തട്ടിച്ചുനടന്ന പ്രതിയെ പിടികൂടാനായത് പൊലീസിന് വലിയ നേട്ടമായി. കളമശ്ശേരിയില്‍ നിന്ന് കാസർകോട്ട് എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി ഉത്തരവിനെ തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു. പ്രതിക്ക് മറ്റ് സ്റ്റേഷനുകളില്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.






