കോട്ടയം: കോട്ടയം സയൻസ് സിറ്റിയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുറവിലങ്ങാട് സ്വദേശിയെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ എ.ജെ. ജോസഫാണ് പിടിയിലായത്.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുമായുള്ള സ്വാധീനം ഉപയോഗിച്ച് സയൻസ് സിറ്റിയിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയിൽ നിന്ന് 2025 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ പലതവണകളായി പ്രതി ഒൻപത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയതായി പൊലീസ് പറയുന്നു. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരിക്കുകയും താൻ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെടുകയും ചെയ്തതോടെ പരാതിക്കാരൻ തലയോലപ്പറമ്പ് പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എ.ജെ. ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.






