നദാപുരം: ടൗണ്‍ മധ്യത്തിലെ മൊബൈല്‍ക്കട കുത്തിത്തുറന്ന് 92 ഐഫോണുകളും 60,600 രൂപയും കവര്‍ന്ന കേസില്‍ നിര്‍ണായക വഴിതിരിവ്.
കേസില്‍ മോഷ്ടിക്കപ്പെട്ട ഐഫോണുകളില്‍ ഒരെണ്ണം എറണാകുളത്തുനിന്ന് അന്വേഷണസംഘം കണ്ടെടുത്തു. ഐഫോണ്‍ 17 പ്രോ മോഡലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചെന്നൈയില്‍ നിന്ന് 1,35,000 രൂപ നല്‍കിയാണ് ഈ ഫോണ്‍ വാങ്ങിയതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
കവര്‍ച്ച ചെയ്യപ്പെട്ട ഐഫോണുകളുടെ വിവരങ്ങള്‍ പോലീസ് നേരത്തെ ആപ്പിള്‍ കമ്പനിക്ക് കൈമാറിയിരുന്നു. ഇതിലൊരു ഫോണ്‍ ആക്ടീവായതിനെത്തുടര്ന്ന് പോലീസ് നടത്തിയ ലൊക്കേഷന്‍ പരിശോധനയിലാണ് കൊച്ചിയില്‍ ഫോണുണ്ടെന്ന വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി ഫോണ്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിനിടെ മറ്റ് രണ്ട് ഐഫോണുകള്കൂടി ആക്ടീവായിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
അവയിലൊന്ന് ഡല്‍ഹിയിലും മറ്റൊന്ന് ഉത്തര്പ്രദേശിലുമാണെന്ന് പോലീസ് വ്യക്തമാക്കി. ഈ ഫോണുകള്‍ കണ്ടെത്താനുള്ള ഊര്‍ജിതമായ നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
നാദാപുരം ഡിവൈ.എസ്.പി. പി.എം. മനോജിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. കെ. മുരളീധരന്, എസ്.ഐ. മനോജ്, സ്ക്വാഡ് അംഗങ്ങളായ അരുണ്‍, വിജയന്, അജേഷ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.






