വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ജയം.
മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം.
വെല്ലിംഗ്ടണില്‍ 135 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ ഏഴിന് 113 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്.
തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. നിശ്ചിത സമയം കഴിഞ്ഞിട്ടും മഴ തുടര്‍ന്നപ്പോള്‍ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെതിത്തിയ ആതിഥേയര്‍ 41 ഓവറില്‍ 134ന് എല്ലാവരും പുറത്താവുകയായിരുന്നു. 55 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍.
ഇന്ത്യക്ക് വേണ്ടി ഗുര്‍നൂര്‍ ബ്രാര്‍ നാല് വിക്കറ്റ് വീഴ്ത്തി. അക്വിബ് നബി, അക്സര്‍ പട്ടേല്‍, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യര്‍ (30), കെ എല്‍ രാഹുല്‍ (പുറത്താവാതെ 26) എന്നിവര്‍ തിളങ്ങി. രോഹിത് ശര്‍മ (23), നമന്‍ ധിര്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
അക്വിബ് നബി (1) രാഹുലിനൊപ്പം പുറത്താവാതെ നിന്നു. ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (7), അക്സര്‍ പട്ടേല്‍ (7), അന്‍ഷൂല്‍ കാംബോജ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ന്യൂസിലന്‍ഡിന് വേണ്ടി ജേക്കബ് ഡഫി, കെയ്ല്‍ ജാമിസണ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാത്യൂ ഫിഷറിന് ഒരു വിക്കറ്റുണ്ട്.
നേരത്തെ, ന്യൂസിലന്‍ഡ് നിരയില്‍ മിച്ചലിന് പുറമെ മിച്ചല്‍ സാന്റ്നര്‍ (31), ഹെന്റി നിക്കോള്‍സ് (11) എന്നിവര്‍ മാത്രാമാണ് രണ്ടക്കം കണ്ടത്. സ്കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്.
രണ്ടാം ഓവറില്‍ നബി ടിം സീഫെര്‍ട്ടിനെ (0) പുറത്താക്കി. പിന്നാലെ തന്റെ ഓവറില്‍ വില്‍ യംഗിനേയും നബി മടക്കി. നിക്കോള്‍സിനെ കാംബോജ് ബൗള്‍ഡാക്കിയപ്പോള്‍. ടോം ലാഥം (7), ഗ്ലെന്‍ ഫിലിപ്സ് (0) എന്നിവരെ ബ്രാര്‍ ഒരോവറില്‍ തന്നെ തിരിച്ചയച്ചു. ഇതോടെ 20 ഓവറില്‍ അഞ്ചിന് 53 എന്ന നിലയിലായി ന്യൂസിലന്‍ഡ്.






