കോട്ടയം : ഇലവീഴാപ്പൂഞ്ചിറയില്‍ അനധികൃത കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും നിത്യസംഭവമായി മാറുന്നുവെന്ന് പരാതികൾ. ഇത്തരം സംഭവങ്ങൾ വ്യാപക ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വിനോദസഞ്ചാര വികസന പദ്ധതികള്‍ നടപ്പാക്കുന്ന പ്രദേശത്തുതന്നെ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നതില്‍ വ്യാപക ആശങ്ക ഉയർന്നിട്ടുണ്ട്.
പ്രദേശത്തിന്റെ ജൈവസവിശേഷതയായ ചിറ്റീന്ത് വ്യാപകമായി വെട്ടിനശിപ്പിച്ചതായും, ഇത് പ്രദേശവാസികളുടെ ഉപജീവനമാർഗത്തെയും ബാധിക്കുന്നതായും പരാതിയുണ്ട്. കുന്നിൻപ്രദേശങ്ങളിലെ സ്വാഭാവിക ജലഒഴുക്ക് തടസ്സപ്പെടുത്തുന്ന നിർമാണങ്ങളും മലഞ്ചെരിവുകളുടെ സ്ഥിരതയെ ബാധിക്കുന്ന അനധികൃത പ്രവർത്തനങ്ങളും ഭാവിയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നല്കി.
ഇലവീഴാപ്പൂഞ്ചിറ പോലുള്ള പരിസ്ഥിതി ദുർബല മേഖലകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും തടയുകയും നിയമലംഘകർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ പരാതികള്‍ പരിശോധിക്കാൻ മേലുകാവ് പഞ്ചായത്ത് ഭരണസമിതി സ്ഥലപരിശോധന നടത്തും. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ വിഷയം ചർച്ച ചെയ്ത തിരുന്നു. തുടർന്ന് സ്ഥലം സന്ദർശിച്ച് നടപടികള്‍ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.






