ഇടുക്കി : കുമളിയില്‍ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തില്‍ ജീവനൊടുക്കിയ സ്വകാര്യ ബസ് ജീവനക്കാരൻ രഞ്ജീഷിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി കുട്ടിയെ വീട്ടിലെത്തിച്ചത് കോടതിയുടെ ഇടപെടലിലൂടെ. കോഴിമല സ്വദേശിയായ ബസ് കണ്ടക്ടർ രഞ്ജീഷാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച മരണപ്പെട്ടത്.
ആറ് വർഷത്തോളമായി താൻ ഒറ്റയ്ക്ക് നെഞ്ചോട് ചേർത്തു വളർത്തിയ മകനെ കോടതി ഉത്തരവിനെ തുടർന്ന് അമ്മയ്ക്കൊപ്പം വിട്ടയക്കേണ്ടി വന്നതിലുള്ള കടുത്ത മാനസിക വേദനയാണ് രഞ്ജീഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. തുടർന്ന് ഭാര്യ വിദേശത്ത് മറ്റൊരാളുമായി ബന്ധത്തിലായെന്നും രഞ്ജീഷുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ഭാര്യ വിദേശത്തേക്ക് പോയതോടെ കോഴിമലയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം രഞ്ജീഷാണ് മകനെ നോക്കി വളർത്തിയത്. എന്നാല്‍, ഒരു മാസം മുൻപ് നാട്ടിലെത്തിയ ഇവർ മകനെ തനിക്കൊപ്പം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുകൂല ഉത്തരവ് നല്‍കിയതോടെ, ഇത്രയും കാലം തന്റെ ലോകമായിരുന്ന മകനെ രഞ്ജീഷിന് വിട്ടുനല്‍കേണ്ടി വന്നു.
മകനെ പിരിഞ്ഞതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു രഞ്ജീഷ്. മകനില്ലാത്ത ജീവിതം താങ്ങാനാകാതെ വന്നതോടെയാണ് ഒരാഴ്ച മുൻപ് രഞ്ജീഷ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.
രഞ്ജീഷിന്റെ മരണശേഷവും മകനെ അവിടേക്ക് കൊണ്ടുവരാൻ ഭാര്യ തയ്യാറായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അച്ഛന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ മകനെ അയക്കില്ലെന്ന നിലപാടിലായിരുന്നു അവർ. ഒടുവില്‍ വീണ്ടും കോടതിയെ സമീപിച്ചാണ് അന്ത്യകർമങ്ങള്‍ക്കായി കുട്ടിയെ വീട്ടിലെത്തിച്ചത്.






