ഇടുക്കി: എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ മകൻ അജീഷിന്റെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ‘ദൈവം വിളിച്ചതുകൊണ്ടാണ് അച്ഛനെയും അമ്മയെയും പറഞ്ഞുവിട്ടത്’ എന്നാണ് അജീഷ് പൊലീസിനോട് പറഞ്ഞത്. എഴുകുംവയൽ സ്വദേശി ആന്റണിയെയും ഭാര്യ വത്സമ്മയെയുമാണ് അജീഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ മരണദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, നേരത്തെ പരിചയമുണ്ടായിരുന്ന വൈദികന് ദൃശ്യങ്ങൾ അയച്ചുനൽകുകയായിരുന്നു. വൈദികൻ വിവരം പൊലീസിനെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴും അജീഷിന്റെ പെരുമാറ്റം അസ്വാഭാവികമായിരുന്നുവെന്നാണ് വിവരം. പൊലീസിനോടും ‘ദൈവം വിളിച്ചതുകൊണ്ട്’ മാതാപിതാക്കളെ പറഞ്ഞുവിട്ടെന്ന നിലപാട് ഇയാൾ ആവർത്തിച്ചു.
തെളിവെടുപ്പിനായി പ്രതിയെ വീട്ടിലെത്തിച്ചപ്പോഴും അജീഷിന്റെ പെരുമാറ്റം പൊലീസിനെ ഞെട്ടിച്ചു. വീട്ടിലെത്തിയ ഇയാൾ അമ്മ എവിടെയെന്ന് തിരക്കിയതായാണ് വിവരം. വീട് അലങ്കോലമായത് ചൂണ്ടിക്കാട്ടി, ‘ഇതെല്ലാം താൻ ചെയ്ത പണിയാണ്’ എന്ന് പ്രതി ഉറക്കെ പറയുകയും ചെയ്തു.
അമ്മ വത്സമ്മയെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷമാണ് അജീഷ് പിതാവ് ആന്റണിയെയും ആക്രമിച്ചത്. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ അമ്മയെ പ്രതി ആക്രമിച്ചില്ല. അജീഷ് നേരത്തെ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയത്. തിരിച്ചെത്തിയതിന് പിന്നാലെ വീട്ടിൽ നിരന്തരം ബഹളമുണ്ടാക്കിയിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആന്റണിയുടെയും വത്സമ്മയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.






