അംസ്റ്റൽവീൻ : വനിതാ ഹോക്കി ലോകകപ്പിൽ ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ ഇരു ടീമുകളും 0-0 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ഇന്ത്യയേക്കാൾ കൂടുതൽ ഗോളുകളും പോയിന്റുകളും നേടിയതിനാൽ ഓസ്ട്രേലിയ സെമിഫൈനലിൽ പ്രവേശിച്ചു.
ഇതോടെ ഇന്ത്യ ലോകകപ്പ് മത്സരത്തിൽ നിന്ന് പുറത്തായി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ നെതർലാൻഡ്സിനോട് 0-2ന് ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു.
ഓസ്ട്രേലിയയ്ക്കൊപ്പമുള്ള മത്സരം സമനില വഴങ്ങിയതോടെ ഗോൾ ശരാശരി അടിസ്ഥാനമാക്കിയാണ് വിജയികളെ തീരുമാനിച്ചത്. നിലവിൽ ഒൻപതാം റാങ്കിലായിരുന്നു ഇന്ത്യ.
രണ്ട് തവണ ഓസ്ട്രേലിയ വല കുലുക്കിയെങ്കിലും അവ രണ്ടും അനുവദിക്കപ്പെട്ടില്ല. കളിയിൽ വ്യക്തമായ ആധിപത്യവും അവർക്കായിരുന്നു. എട്ട് പെനാൽറ്റി കോർണറുകളാണ് ലഭിച്ചത്. എന്നാൽ, ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്ക് കിട്ടിയതാവട്ടെ ഒരൊറ്റ പെനാൽറ്റി കോർണറും. രണ്ട് തവണ ഓസ്ട്രേലിയ ലക്ഷ്യം കണ്ടെങ്കിലും രണ്ടു തവണയും റഫറി ഗോൾ അനുവദിച്ചില്ല. രണ്ടാം മിനിറ്റിൽ തന്നെ ഓസ്ട്രേലിയ ഗ്രേസ് സ്റ്റിവേർട്ടിലൂടെ ലക്ഷ്യം കണ്ടു.
എന്നാൽ അതൊരു അപകടകരമായ ഹിറ്റാണെന്ന് വാദിച്ച് ഇന്ത്യ റഫറൽ ആവശ്യപ്പെട്ടു. റഫറലിൽ തീരുമാനം ഇന്ത്യയ്ക്കൊപ്പം നിന്നു. ഓസ്ട്രേലിയയുടെ ഗോൾ റദ്ദാക്കപ്പെട്ടു. പിന്നീട് 40-ാം മിനിറ്റിൽ കെർഷോ സ്കോർ ചെയ്തെങ്കിലും പന്ത് ഇന്ത്യൻ ഡിഫൻഡറുടെ കൈയിൽ തട്ടിയതിനാലാണ് അനുവദിക്കപ്പെടാതെ പോയത്.
ഇന്ത്യയ്ക്കും ഏതാനും അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ദീപികയ്ക്കോ നവനീതിനോ ലാൽറെസിയാമിക്കോ അതൊന്നും മുതലാക്കാൻ കഴിഞ്ഞില്ല. മുപ്പതാം മിനിറ്റിൽ നവീനതയും നേഹയും ചേർന്ന നല്ലൊരു നീക്കം നടത്തിയെങ്കിലും ഗോളിലേയ്ക്കുള്ള വഴി കാണാതെ അവസരം നഷ്ടമാക്കി.
മറുഭാഗത്ത് ഓസ്ട്രേലിയ നിരന്തരമായി ആക്രമിച്ചെങ്കിലും മികച്ച പ്രതിരോധവും ഗോൾകീപ്പർ സവിതയുടെ മികച്ച പ്രകടനവുമാണ് അവരുടെ വഴിയടച്ചത്.






