തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശംകോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
മഴ കനക്കുന്ന സാഹചര്യത്തിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മഴമൂലം വാഹനങ്ങളിലെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി തടസ്സത്തിനും മറ്റ് അപകടങ്ങൾക്കും കാരണമായേക്കാം.
വീടുകൾക്കും കുടിലുകൾക്കും ഭാഗികമായ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായും അറിയിപ്പിൽ പറയുന്നു.
ഈ സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിതമായ മേഖലകളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദേശിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പുണ്ട്.






