കോട്ടയം: കേരളത്തിലെ മാറിമറിഞ്ഞ കാലാവസ്ഥ കർഷകരുടെ പ്രതീക്ഷകളെയാണ് തകിടംമറിച്ചത്.
അപ്രതീക്ഷിത ചൂടില്‍ ജില്ല വെന്തുരുകുമ്പോള്‍ അത് കാർഷികമേഖലയിലും പ്രതിഫലിച്ചു. അക്ഷരാർത്ഥത്തില്‍ കൃഷിയും കർഷകരും വാടിത്തളർന്നെന്ന് പറയാം. മഴ കുറഞ്ഞതിനെത്തുടർന്ന് പാടശേഖരങ്ങള്‍, നദികള്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് താഴ്ന്നതോടെ വാഴ, ചീനി, ചേമ്പ് തുടങ്ങിയ കരകൃഷികള്‍ ഉണങ്ങിത്തുടങ്ങി.മുളച്ചുവരുന്ന തൈകള്‍ പോലും കൊടുംചൂടില്‍ കരിഞ്ഞുണങ്ങുന്നത് കർഷകർക്ക് തിരിച്ചടിയായി. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ശക്തിപ്രാപിക്കേണ്ട കാലവർഷം ഇത്തവണ ജില്ലയില്‍ ആഗസ്തിലാണ് സജീവമായത്. മലയോരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യമായിരുന്നു. അതേസമയം സെപ്തംബറില്‍ മഴ കുറഞ്ഞു. ഇതോടെ സാഹചര്യങ്ങള്‍ തകിടംമറിഞ്ഞു. മഴ കുറഞ്ഞതും.
ഒരു മാസം മുമ്പ് വെള്ളപ്പൊക്കത്തില്‍ നിറഞ്ഞൊഴുകിയ നദികളും തോടുകളും ഇപ്പോള്‍ വറ്റിവരണ്ടു. ജലാശയങ്ങളില്‍ ജലനിരപ്പ് താഴ്ന്നതോടെ കരകൃഷികള്‍ക്ക് ആവശ്യമായ വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഇത് കൃഷിചെലവും വർദ്ധിപ്പിച്ചു. ഇനി തുലാമഴയിലാണ് പ്രതീക്ഷ. എന്നാല്‍, എല്‍നിനോ പ്രതിഭാസം തുലാവർഷത്തെയും ബാധിച്ചാല്‍ വരള്‍ച്ച കൂടുതല്‍ രൂക്ഷമാകും. പാടശേഖരങ്ങളിലെ ജലാംശ കുറവ് കീടരോഗബാധയ്ക്ക് കാരണമാകുമോയെന്ന ആശങ്കയിലാണ് നെല്‍കർഷകർ.






