കായംകുളം: വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെത്തുടർന്ന് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസില്‍ മൂന്ന് കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍.
കായംകുളം സ്വദേശിയായ വാഹന കച്ചവടക്കാരൻ മുഹമ്മദ് അഫ്സലിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് പത്തിയൂർ എരുവ പടിഞ്ഞാറ് മുറിയില്‍ തസ്നി മൻസില്‍ മനീഷ് (37) കണ്ടല്ലൂർ മുറിയില്‍ വളയക്കകത്ത് കിഴക്കതില്‍ പ്രവീണ്‍ എന്ന കുട്ടൻ (29) കായംകുളം ഫയർ സ്റ്റേഷന് സമീപം പെരിങ്ങാല മേട്ടയില്‍ തെക്കതില്‍ വീട്ടില്‍ മുഹമ്മദ് മുനീർ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്. ഈ മാസം 18ന് ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം.
കായംകുളം വനിതാ പോളിടെക്നിക്കിന് പിറകുവശം സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന അഫ്സലിനെ ഒരു ഓട്ടോറിക്ഷയിലെത്തിയ മനീഷ്, മുനീർ, പ്രവീണ്‍ എന്നിവർ ചേർന്ന് ബിയർ കുപ്പി വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അഫ്സലിനെ കരീലക്കുളങ്ങരയിലുള്ള മനീഷിന്റെ വീട്ടിലെത്തിച്ച് മുറിയില്‍ പൂട്ടിയിട്ടു.
അവിടെവച്ച് നാലു പ്രതികളും ചേർന്ന് ഇരുമ്പ് പൈപ്പ്, വാക്കിങ് സ്റ്റിക്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം പോലീസാണ് അഫ്സലിനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്.
പിടിയിലായവർ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഒന്നാം പ്രതി മനീഷ് കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട്, ഡല്‍ഹി, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലായി പതിനേഴോളം കേസുകളില്‍ പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിട്ട ആളുമാണ്.
രണ്ടാം പ്രതി പ്രവീണിനെതിരെ കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര സ്റ്റേഷനുകളിലായി ആറോളം കേസുകളും, മൂന്നാം പ്രതി മുനീറിനെതിരെ കായംകുളം, കരീലക്കുളങ്ങര, ശാന്തൻപാറ സ്റ്റേഷനുകളിലായി ആറോളം കേസുകളുമുണ്ട്.






