കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനുമായി എന്‍എസ്എസ് നേതൃത്വത്തിനുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍പുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം അകറ്റിയതായും അദ്ദേഹം അറിയിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം വി ഡി സതീശന് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന 150-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയില്‍ എത്തും. കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായ വി.ഡി. സതീശനും എന്‍എസ്എസ് നേതൃത്വവും തമ്മിലുള്ള പിണക്കത്തിനാണ് ഒടുവില്‍ വിരാമമാകുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശന് ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലേക്ക് എത്തുകയാണ്. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 150-ാമത് ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മുഖ്യമന്ത്രി പെരുന്നയിലെത്തുന്നത്. 2027 ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് പെരുന്നയില്‍ മന്നം ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത്. ഒന്നാം തീയതി അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനവും, ജനുവരി രണ്ടിന് നടക്കുന്ന ജയന്തി ദിന സമ്മേളനവും നടക്കും. ഈ സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ. മുരളീധരനും ജയന്തി ദിന സമ്മേളനത്തില്‍ അതിഥിയായി പങ്കെടുക്കും.
മുഖ്യമന്ത്രി വി.ഡി. സതീശനുമായി എന്‍എസ്എസ് നേതൃത്വത്തിനുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടെന്ന് ജി. സുകുമാരന്‍ നായര്‍ തന്നെ വ്യക്തമാക്കിയതോടെയാണ് പെരുന്നയിലെ മഞ്ഞുരുക്കം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. വി.ഡി. സതീശനുമായി നിലവില്‍ യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും മുന്‍പുണ്ടായിരുന്ന പിണക്കങ്ങളെല്ലാം പരസ്പരം പറഞ്ഞ് അകറ്റിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോണ്‍ വഴിയാണ് മുഖ്യമന്ത്രിയെ പെരുന്നയിലേക്ക് ക്ഷണിച്ചതെന്ന് സുകുമാരന്‍ നായര്‍ അറിയിച്ചു. മുന്‍പ് നടത്തിയ വിമര്‍ശനങ്ങളെല്ലാം പരസ്പരം പറഞ്ഞ് പരിഹരിച്ചെന്നും, ക്ഷണിച്ചപ്പോള്‍ താന്‍ വരാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചില പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി തന്നോട് വ്യക്തമാക്കിയെന്നും അതെല്ലാം താന്‍ മറന്നെന്നും പറഞ്ഞ സുകുമാരന്‍ നായര്‍, മുഖ്യമന്ത്രിയായ വി.ഡി. സതീശനോട് തനിക്ക് അഭിപ്രായവ്യത്യാസങ്ങളില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് വി.ഡി. സതീശന് എന്‍എസ്എസ് ആസ്ഥാനത്തേക്ക് എത്തുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് ഇതിനുമുന്‍പ് അദ്ദേഹം പെരുന്ന സന്ദര്‍ശിച്ചത്. മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി പ്രൗഢഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എന്‍എസ്എസ് നേതൃത്വം. മുഖ്യമന്ത്രിയുടെ ഓഫീസും എന്‍എസ്എസ് നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ സുപ്രധാന കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും വി.ഡി. സതീശനും ജി. സുകുമാരന്‍ നായരും തമ്മില്‍ അതിരൂക്ഷമായ വാക്പോരും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. 'വോട്ടിനുവേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ല' എന്ന് വി.ഡി. സതീശന് മുന്‍പ് നടത്തിയ പ്രസ്താവനയായിരുന്നു സുകുമാരന്‍ നായരെ പ്രധാനമായും ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് സതീശന് തന്നെ കാണാന്‍ വന്നിട്ടുണ്ടെന്ന് സുകുമാരന്‍ നായര്‍ ഇതിന് തിരിച്ചടിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയായ ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം സുഖകരമായിരുന്നില്ല. എന്‍എസ്എസിന്റെ ഔദ്യോഗിക ആവശ്യത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശനെ ദൂതന് വഴി രണ്ടുതവണ സമീപിച്ചിട്ടും കാണാന്‍ കൂട്ടാക്കിയില്ലെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു. ഔദാര്യത്തിന് വേണ്ടിയല്ല, സമുദായത്തിന്റെ അവകാശത്തിന് വേണ്ടിയാണ് ചെന്നതെന്നും കഴിഞ്ഞ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ തുടര്കാര്യത്തിനാണ് കാണാന്‍ ശ്രമിച്ചതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനെത്തുടര്‍ന്ന് അതീവ രൂക്ഷമായ ഭാഷയിലായിരുന്നു ജി. സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചിരുന്നത്. 'മുഖ്യമന്ത്രി പല സമുദായ നേതാക്കളേയും അന്വേഷിച്ചു പോകുന്നുണ്ട്. എന്‍എസ്എസ് ആസ്ഥാനത്ത് വന്നില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങള്‍ ഇനി ഇവരെ കാണാന്‍ ഉദ്ദേശിക്കുന്നില്ല, കാണുകയും വേണ്ട. എന്‍എസ്എസിനെ ആരു വിചാരിച്ചാലും ഒരു ചുക്കും ചെയ്യാനില്ല,' എന്നായിരുന്നു സുകുമാരന്‍ നായരുടെ വാക്കുകള്‍. ഞങ്ങളെ വര്‍ഗീയവാദികളാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കൂടാതെ, മുഖ്യമന്ത്രി അഹങ്കാരിയാണെന്നും മുഖ്യമന്ത്രിയുടെ കാലു പിടിക്കേണ്ട കാര്യമില്ലെന്നും ഈ രീതിയില്‍ത്തന്നെ മുന്നോട്ടു പോകട്ടെയെന്നും എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തില്‍ സുകുമാരന്‍ നായര്‍ തുറന്നടിച്ചിരുന്നു. പരസ്യമായ ഭിന്നതകള്‍ക്കും വാക്പോരുകള്ക്കുമെല്ലാം ശേഷമാണ് ഇപ്പോള്‍ ഇരുനേതാക്കളും എല്ലാം പറഞ്ഞ് അവസാനിപ്പിച്ച് വീണ്ടും ഒരേ വേദിയില്‍ ഒന്നിക്കുന്നത്.






