ആലപ്പുഴ: മാസപ്പടിക്കേസിലെ സി.എം.ആർ.എല്‍ ഡയറിയില്‍ തന്റെ പേരുണ്ടെന്ന വാർത്തകളില്‍ പ്രതികരണവുമായി ജി. സുധാകരൻ.
സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കേസിന്റെ യഥാർത്ഥ പ്രാധാന്യം നശിപ്പിക്കാൻ അനാവശ്യ പേരുകള്‍ എഴുതിച്ചേർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയം പരസ്യമാക്കിയ ബിജെപി നേതാവ് ഷോണ്‍ ജോർജിനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഷോണ്‍ ഓവറാണെന്നും തന്നെക്കുറിച്ച് പി.സി. ജോർജിന് പോലും മോശം അഭിപ്രായമില്ല എന്നും ജി സുധാകരൻ പറഞ്ഞു. താൻ മാനനഷ്ടക്കേസിന് പോകുന്നില്ല എന്നും, കേസ് കൊടുക്കാൻ എതിർഭാഗത്തുള്ളയാള്ക്ക് മാനമുണ്ടായിരിക്കണ്ടേ എന്നും ജി. സുധാകരൻ പരിഹസിച്ചു.
കരിമണല്‍ കമ്പനി ഉടമ തന്നെ വന്ന് കണ്ടിരുന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. കരിമണല്‍ ഖനനത്തിന് അനുമതി നല്‍കണമെന്നും പാർട്ടിക്ക് ഫണ്ട് നല്‍കാമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നടപ്പില്ലെന്ന് വ്യക്തമാക്കി തിരിച്ചയച്ചെന്നും അതിനുശേഷം അദ്ദേഹം ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു..






