തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന് പേര് മാറുന്നു.
'മദ്യനയം' എന്ന പ്രയോഗം ഒഴിവാക്കി, പകരം 'എക്സൈസ് നയം' എന്ന പേരില്‍ പുതിയ നയം അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കേണ്ടതില്ലെന്നാണ് പ്രാഥമിക തീരുമാനം.
അതേസമയം, ഔട്ട്ലെറ്റുകളുടെയും ഗോഡൗണുകളുടെയും നടത്തിപ്പില്‍ സഹകരണ സംഘങ്ങള്‍ക്ക് പങ്കാളിത്തം നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
നവംബർ 30-ന് മുൻപായി പുതിയ നയം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബെവ്കോ ഔട്ട്ലെറ്റുകളുടെ നവീകരണം. പുതിയ മദ്യശാലകളുടെ എണ്ണം വർധിപ്പിക്കില്ലെങ്കിലും നിലവിലുള്ള ബെവ്കോ ഔട്ട്ലെറ്റുകളുടെ രൂപഘടന ഏകീകരിക്കാനും ആധുനികവൽക്കരിക്കാനും നിർദേശമുണ്ട്.
ഉപഭോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള 'സെൽഫ് ഹെൽപ്' പ്രീമിയം ഔട്ട്ലെറ്റുകൾക്ക് കൂടുതൽ പ്രാധാന്യം നൽകും.
പുതിയ നയം നിലവിൽ വരുന്നത് വരെ സംസ്ഥാനത്ത് പുതിയ മദ്യശാലകൾക്കും ബാറുകൾക്കും ലൈസൻസ് അനുവദിക്കുന്നത് എക്സൈസ് വകുപ്പ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.






