കോട്ടയം : നാല് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മുരിക്കുംവയൽ ഗവ. ഹൈസ്കൂളിൽ 1982–83 അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി. വണ്ടൻപതാലിലെ അമ്പഴത്തിനാൽ വീട്ടിലായിരുന്നു അപൂർവ സംഗമം നടന്നത്.
43 വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് പഠിച്ച വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ കണ്ടെത്തി കൂട്ടായ്മയിലേക്ക് എത്തിക്കുന്നതിന് ഇണ്ടക്കൽ ശശിധരൻ, എരുമേലിയിൽ ഓട്ടോ ഡ്രൈവറായ ഇസ്മായിൽ, ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജു, റേഷൻ കട നടത്തിവരുന്ന ഇരട്ട സഹോദരങ്ങളായ പവിത്രൻ, ഹരിദാസ്, പുഞ്ചവയലിൽ താമസിക്കുന്ന ഷൈലജ, പുനലൂർ പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്ന് വിരമിച്ച കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ കലാകാരനായിരുന്ന ഷാജിയുടെ പ്രാർത്ഥനയോടെയാണ് സംഗമം ആരംഭിച്ചത്. സുരേന്ദ്രൻ എസ്.ഐ.യും ബൈജു തങ്ങളും പഴയകാല സ്കൂൾ ഓർമ്മകൾ പങ്കുവെച്ചു. സിവിൽ സപ്ലൈസിൽ നിന്ന് പെൻഷൻ പറ്റിയ ജോർജ് അരിമറ്റംവയൽ പഴയ ഓട്ടോഗ്രാഫുകളുമായി ബന്ധപ്പെട്ട രസകരമായ ഓർമ്മകൾ പങ്കുവെച്ചത് സദസ്സിൽ ചിരി പടർത്തി.
മുണ്ടക്കയം പഞ്ചായത്ത് വികസനകാര്യ ചെയർമാനും പൂർവ്വ സഹപാഠിയുമായ ജോൺസൺ സ്വീകരണം നൽകി. കൂട്ടായ്മയ്ക്ക് പ്രചോദനമായ രുഗ്മണി പുലിക്കുന്നിനും സ്വീകരണം നൽകി.
യോഗത്തിൽ എ.എസ്. മുഹമ്മദ് അമ്പഴത്തിനാൽ സ്വാഗതവും റിട്ട. ബാങ്ക് മാനേജർ നജീബ് ഈരാറ്റുപേട്ട നന്ദിയും പറഞ്ഞു. കാലം മാറ്റിയെങ്കിലും സൗഹൃദത്തിന്റെ ഓർമ്മകൾക്ക് മങ്ങലേൽക്കില്ലെന്ന് തെളിയിച്ച സംഗമമായി 43 വർഷങ്ങൾക്ക് ശേഷമുള്ള ഈ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.






