ഡല്‍ഹി: പാചകവാതക വിതരണക്കാരുടെ കമ്മീഷന് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സമരം ഒഴിവാക്കി എണ്ണക്കമ്പനികളും പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് തയ്യാറായി പ്രമുഖ എല്‍.പി.ജി വിതരണക്കാരുടെ സംഘടനകള്‍.
ഒക്ടോബര്‍ 26-ന് ചില ചെറിയ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ച പ്രതിഷേധത്തില്‍ നിന്നും പണിമുടക്കില്‍ നിന്നും ഫെഡറേഷന് ഓഫ് എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് ഇന്ത്യയും ഓള് ഇന്ത്യ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനും പിന്മാറി.
രാജ്യത്തുടനീളം പാചകവാതക വിതരണം തടസ്സമില്ലാതെ തുടരുമെന്നും, ഉപഭോക്താക്കള്‍ക്ക് പ്രയാസമുണ്ടാക്കുന്ന സമരമാര്‍ഗ്ഗങ്ങളോട് യോജിപ്പില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വിതരണക്കാര്‍ക്കുള്ള കമ്മീഷനില്‍ വര്‍ദ്ധനവുണ്ടായിട്ടില്ലെന്നും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ് കാരണം വിതരണക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചകളില്‍ ഇടക്കാല കമ്മീഷന് വര്‍ദ്ധനവ് ശുപാര്‍ശ ചെയ്യാമെന്ന് അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.
കമ്മീഷന് വര്‍ദ്ധനവിന് പുറമെ നോണ്‍-ഫ്യുവല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍ബന്ധമായി വിറ്റഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അവസാനിപ്പിക്കുക, സര്‍വീസുകളിലെ സുതാര്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സമരം നടത്തുന്നതിനേക്കാള്‍ ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരം കാണാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് എല്‍.പി.ജി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.






