വൈക്കം: മൂത്തേടത്തുകാവിന് സമീപം കൊട്ടാരപ്പള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളികുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ അടുക്കളയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അടുക്കള തകർന്നു.
മൂന്ന് മുറികളുള്ള കെട്ടിടത്തില്‍ രണ്ടു കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അപകട സമയത്ത് ആളില്ലാതിരുന്നതിനാല്‍ ദുരന്തമൊഴിവായി.
ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ വൈക്കം ഫയർഫോഴ്സില്‍ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
ഇവിടെ ഉണ്ടായിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്.
ഇവിടെ താമസിച്ചിരുന്ന ഒരു കുടുംബം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു.
പാചക വാതകസിലിണ്ടർ പൂർണമായി അടയാതിരുന്നതിനാല്‍ വാതകം ചോർന്ന് പൊട്ടിത്തെറി ഉണ്ടായതെന്നാണ് കരുതുന്നത്. സ്ഫോടനത്തെ തുടർന്ന് അടുക്കളയുടെ ഭിത്തിക്ക് വിള്ളലുണ്ടായി. ജനല്‍ ഗ്ലാസുകള്‍ പൊട്ടിത്തകർന്നു. ഒരു വാതില്‍ കത്തിനശിച്ചു.
അടുക്കളയില്‍ ഉണ്ടായിരുന്ന സാധനങ്ങളും താമസക്കാരുടെ വസ്ത്രങ്ങളടക്കം കത്തിനശിച്ചു. താമസിച്ചിരുന്നവർ പഴ്സില്‍ സൂക്ഷിച്ചിരുന്ന 3000 തോളം രൂപ കത്തിനശിക്കാതെ വീണ്ടെടുത്തു.
കൊട്ടാര പള്ളി ആശുപത്രി പ്രവർത്തിച്ചിരുന്ന കാലത്ത് ഡോക്ടർക്ക് താമസിക്കാൻ നിർമിച്ച ചെറിയ ക്വാർട്ടേഴ്സ് കെട്ടിടത്തിലാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ താമസിച്ചിരുന്നത്.






