നെ ടുംകുന്നം: കെഎസ്ഇബി അധികൃതർ അനാസ്ഥ തുടരുന്നു. വിദ്യാർഥികളും നാട്ടുകാരും ഭീതിയില്‍.
കറുകച്ചാല്‍ - മണിമല റോഡില്‍ നെടുംകുന്നം മഠത്തിൻപടിയില് സ്ട്രീറ്റ് ലൈറ്റുകളുടെ ഫ്യൂസ് ക്യാരിയറും സ്വിച്ചുകളും നാട്ടുകാർക്കും വിദ്യാർഥികള്‍ക്കും ഭീഷണിയാകുന്നു.
നൂറുകണക്കിന് വിദ്യാർത്ഥികളും, നാട്ടുകാരും ദിവസേന സഞ്ചരിക്കുന്ന റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ കേവലം രണ്ടരയടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്യൂസ്കാരിയർ തുറന്ന നിലയില്‍ ആണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നതെന്നും ഫ്യൂസ് ക്യാരിയറില്‍ നിരന്തരം സ്പാർക്ക് ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.
തുറന്നിരിക്കുന്ന ഈ ഫ്യൂസ് കാരിയറിന് സുരക്ഷാ കവചമില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.
കൂടാതെ സ്ട്രീറ്റ് ലൈറ്റുകളുടെ ഫ്യൂസ് ഊരിമാറ്റാൻ കഴിയാത്തതിനാല്‍ ദിവസങ്ങളായി രാപകല്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കുകയാണ്. അപകടാവസ്ഥയിലുള്ള ഫ്യൂസ്കാരിയർ വിഷയം നിരവധി തവണ കെ എസ് ഇ ബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് കാത്തുനില്‍ക്കാതെ അപകടാവസ്ഥയിലുള്ള ഫ്യൂസ് ക്യാരിയറും സ്വിച്ചുകളും അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





