കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് നല്കിയ സ്റ്റോപ്പ് മെമ്മോയ്ക്ക് സ്റ്റേ നല്കി ഹൈക്കോടതി. ഇന്നലെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് സംസ്കരണ പ്ലാന്റ് അടച്ച് പൂട്ടാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ഫ്രഷ് കട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
നാട്ടുകാരുടെ സമരവും പ്രതിഷേധവും കണക്കിലെടുത്താണ് സ്റ്റോപ്പ് മെമ്മോ നല്കാൻ തീരുമാനിച്ചതെന്ന് പി കെ ഫിറോസ് എംഎല്‍എ പ്രതികരിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ പ്ലാന്റിനുള്ളില്‍ വെള്ളം കയറുകയും പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയെന്നും ഫിറോസ് പറഞ്ഞിരുന്നു.
ഒക്ടോബർ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് സംഘർഷത്തിലെത്തിയത്. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.






