കോഴിക്കോട് : ഏറെ വിവാദമായ താമരശ്ശേരിയിലെ അറവു മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ട് മാറ്റി സ്ഥാപിച്ചേക്കും. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നീക്കം. നിലവിലെ പ്ലാന്റ് പ്രവർത്തിക്കുന്നത് ജനവാസ മേഖലയിലാണ്. ഇതിനെതിരെ വലിയ ജനരോക്ഷം ഉയർന്നിരുന്നു. ജനരോഷത്തെ തുടർന്ന് ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ അറവു മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ട് അടച്ചിടാൻ തീരുമാനിച്ചിരുന്നു.
പ്രവർത്തനം പുനരാരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്നായിരുന്നു ജനകീയ സമരസമിതിയുടെ മുന്നറിയിപ്പ്. കനത്ത മഴയിൽ ഫ്രഷ് കട്ടിൽ വെള്ളമുയരുകയും മാലിന്യം അടങ്ങിയ വെള്ളം സമീപത്തെ ജലസ്രോതസ്സുകളിലേക്ക് വ്യാപിക്കുകയും ചെയ്തു എന്നാണ് പ്രദേശവാസികളുടെ പരാതി. തുടർന്ന് എംഎൽഎ പികെ ഫിറോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
എന്നാൽ ഹൈക്കോടതി ഇതിന് സ്റ്റേ നൽകുകയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടും പരിഗണിച്ചാണ് പ്ലാന്റ് മാറ്റി സ്ഥാപിക്കാൻ മാനേജ്മെന്റ് സമ്മതം അറിയിച്ചത് എന്നാണ് വിവരം. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം. അതേസമയം നിലവിലെ സാഹചര്യം സമ്പന്ധിച്ചു കലക്ടർ നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.






