തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജ ലോൺ ആപ്പുകൾ വ്യാപകമാകുന്നുണ്ടെന്നും, പണം തട്ടുന്ന ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നൽകി കേരള പോലീസ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്എംഎസ്, വ്യാജ വെബ്സൈറ്റുകള്‍ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങള്‍ നല്കി പണം തട്ടുന്ന നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
ലോണ്‍ ആപ്പുകളുടെ വ്യാജപരസ്യങ്ങള്‍ കണ്ട് സമീപിക്കുന്ന പൊതുജനങ്ങളെ അംഗീകൃത ആപ്പുകള്‍ പോലെ തോന്നിക്കുന്ന വ്യാജ എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം തന്നെ ഫോണിലെ കോണ്ടാക്റ്റ് വിവരങ്ങള്‍, എസ്എംഎസ്, കോള്‍ ഡീറ്റെയ്ല്‍സ്, ക്യാമറ, മൈക്രോഫോണ്‍,ലൊക്കേഷന്‍,സ്റ്റോറേജ്തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു.
തുടർന്ന്, വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകള്‍ എന്നിവ ആപ്പ് വഴി അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ രേഖകള്‍ കൈവശപ്പെടുത്തിയാല്‍ ലോണ്‍ അപ്രൂവ്ഡ് എന്ന വ്യാജസന്ദേശം പ്രദര്‍ശിപ്പിക്കുകയും വിശ്വാസം നേടിയെടുക്കാനായി ചെറിയ തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നു.
എന്നാല്‍ പല സന്ദര്‍ഭങ്ങളിലും വായ്പ തുക ലഭിക്കാറില്ല. പ്രോസസിങ് ഫീ, ജിഎസ്ടി, ഇന്‍ഷുറന്‍സ്, വെരിഫിക്കേഷന് ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, അക്കൗണ്ട് ആക്ടിവേഷന് ഫീ തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുകയാണ് തുടർന്ന് ചെയ്യുക. ഇത്തരത്തില്‍ ആവശ്യപ്പെടുന്ന പണം കൈക്കലാക്കിയാല്‍ വീണ്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ തുക ആവശ്യപ്പെടുകയും തട്ടിപ്പുകാര്‍ അപ്രത്യക്ഷരാകുകയും ചെയ്യുന്നു.
കൂടാതെ വ്യാജമായി കൈവശപ്പെടുത്തിയ കെവൈസി രേഖകള്‍ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, സിം കാര്‍ഡുകള്‍ എടുക്കുക, മറ്റ് വായ്പകള്‍ നേടുക, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നുണ്ട്. തട്ടിപ്പ് നടത്തിക്കഴിഞ്ഞാല്‍ ഇതിനായി ഉപയോഗിച്ച ആപ്പും വെബ്സൈറ്റും ഉപേക്ഷിക്കുകയും ശേഷം മറ്റൊരു പേരില്‍ പുതിയ ആപ്പ് നിര്‍മ്മിച്ച് വീണ്ടും സമാന തട്ടിപ്പുകള്‍ തുടരുകയും ചെയ്യുന്നു.
ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. അംഗീകൃത ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പ്ലേസ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ മാത്രം ഉപയോഗിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രം ലോണ്‍ എടുക്കുക. എപികെ ലിങ്കുകള്‍ വഴി ലഭിക്കുന്ന ആപ്പുകള്‍ ഒരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ലോണ്‍ ആപ്പുകള്‍ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.






