കോട്ടയം: കടുത്തുരുത്തി, കാഞ്ഞിരമറ്റം, കുരീക്കാട് എന്നീ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു കൊണ്ട് കാൽനട മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു. ഇതിനായി 10 കോടി 62 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ സ്റ്റേഷനുകളിലെ യാത്രക്കാർ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് പോയിരുന്നത് പാളം മുറിച്ച് കടന്നാണ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
കോട്ടയം ലോക്സഭ മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ സ്റ്റേഷനുകളിൽ നടത്തിയ ജനസദസ്സിൽ ഉയർന്ന സുപ്രധാന ആവശ്യങ്ങൾക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
പുതീയ കാൽനട മേൽപ്പാലം നിർമ്മിക്കുന്നതോടെ പ്രായമായവർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും,എളുപ്പത്തിൽ മറ്റ് പ്ലാറ്റ്ഫോമുകൾക്ക് സഞ്ചരിക്കുവാൻ സാധിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കടുത്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളിൽ റെയിൽവേയുടെ സ്ഥലത്ത് തന്നെ നടപ്പാലം നിർമ്മിക്കുവാൻ കഴിയും. കുരീക്കാട് ഇതിനായി സ്ഥലം ഏറ്റെടുക്കേണ്ടതായി വരും.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ വർക്ക് ടെൻഡർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കു മെന്നും ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു.






