ഡല്‍ഹി: ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത ടി-ഷർട്ട് പാഴ്സലിനുള്ളില്‍ നിന്ന് ലഭിച്ച ഒരു വ്യാപാരിയുടെ ഹൃദയഭേദകമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
താൻ വലിയ സാമ്പത്തിക നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, അതിനാല്‍ താൻ അയച്ച ഉല്‍പ്പന്നം യാതൊരു കാരണവശാലും തിരിച്ചയക്കരുതേ എന്ന് യാചിച്ചുകൊണ്ടുള്ള സെല്ലറുടെ കുറിപ്പാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചർച്ചയാകുന്നത്.
@dev_kalpeshkk എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവാണ് തനിക്കുണ്ടായ ഈ വ്യത്യസ്തമായ അനുഭവം ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചത്. ഓണ്‍ലൈനായി ഓർഡർ ചെയ്ത എല്‍ (L) സൈസ് ടി-ഷർട്ടിനൊപ്പം ബോക്സിനുള്ളില്‍ വെച്ചിരുന്ന ഒരു ചെറിയ വെള്ള പേപ്പറിലാണ് ഈ വൈകാരിക അഭ്യർത്ഥനയുണ്ടായിരുന്നത്.
'സർ, ദയവായി ഈ പ്രൊഡക്ട് റിട്ടേണ്‍ ചെയ്യരുത്. ഞാൻ ഇതിനകം തന്നെ വലിയ നഷ്ടത്തിലാണ്... ദയവായി റിട്ടേണ്‍ ചെയ്യരുത്' (Please don't return the product, sir. I am already running at a loss… PLEASE NO RETURN) എന്നാണ് അതില്‍ കൈപ്പടയില്‍ കുറിച്ചിരുന്നത്.
സെല്ലറുടെ ഈ ദയനീയ അപേക്ഷ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി പേരാണ് സെല്ലറോടുള്ള സഹതാപം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ഉല്‍പ്പന്നങ്ങള്‍ മാറിവരുമ്പോഴും, നിസ്സാര കാരണങ്ങള്‍ക്ക് ഉപയോക്താക്കള്‍ സാധനങ്ങള്‍ തിരിച്ചയക്കുമ്പോഴും ചെറുകിട ഓണ്‍ലൈൻ വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പലരും കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.
ഫെസ്റ്റിവല്‍ സീസണുകളില്‍ വൻതോതില്‍ സാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ഇത്തരം ചെറിയ വ്യാപാരികള്‍ക്ക് റിട്ടേണ്‍ ഫീസും ഡെലിവറി ചാർജും കാരണം കനത്ത ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് ചിലർ കമന്റ് ചെയ്തു.






