തിരുവനന്തപുരം: ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള് വഴി സൗന്ദര്യവർധക വസ്തുക്കളുടെ വില്പന വ്യാപകമാകുന്നു. നിയമത്തിലെ വിവിധ പഴുതുകള്‍ മുതലെടുത്താണ് ഇത്തരം വില്പനകൾ. ഇവ വില്ക്കാൻ പ്രത്യേക ലൈസൻസിന്റെ ആവശ്യമില്ലാത്തതും പരിശോധനകളിലെ പരിമിതികളും കാരണം മനുഷ്യശരീരത്തിന് ഹാനികരമായ ഉല്പന്നങ്ങള് പോലും ഓണ്‍ലൈൻ വഴി സുഗമമായി വിറ്റഴിക്കപ്പെടുന്നുണ്ട്.
പരമ്പരാഗത കടകളില്‍ കൃത്യമായ പരിശോധനകള്‍ നടക്കുന്നതിനാലാണ് ഇത്തരം വസ്തുക്കള്‍ ഓണ്‍ലൈൻ വിപണിയിലേക്ക് കൂടുതലായി മാറുന്നത്.
1940-കളില്‍ നിലവില്‍ വന്ന ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമത്തില്‍ സൗന്ദര്യവർധക വസ്തുക്കളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും ഇവയുടെ വില്പന നിയന്ത്രിക്കാൻ പ്രത്യേക ചട്ടങ്ങളില്ല. ഇതാണ് ഓണ്‍ലൈൻ വില്പനക്കാർക്ക് വലിയ സാധ്യതയായി മാറുന്നത്. സൗന്ദര്യവർധക വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിന് ഡ്രഗ് കണ്ട്രോള് വകുപ്പിന്റെ ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് അഞ്ച് വർഷത്തിലൊരിക്കല്‍ പുതുക്കേണ്ടതുണ്ട്. ഓരോ ബാച്ച് ഉല്പന്നങ്ങളും വിപണിയില്‍ ഇറക്കുമ്പോള്‍ ഡ്രഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തണമെന്നും നിയമമുണ്ട്. എന്നാല്‍ ഇവ വിപണിയില്‍ എത്തിക്കാൻ പ്രത്യേക ലൈസൻസോ അനുമതിയോ ആവശ്യമില്ല. അതേസമയം ലൈസൻസില്ലാത്ത ഉല്പന്നങ്ങള് കടകളില്‍ വിറ്റാല്‍ ആ കടയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. അതിനാല്‍ ഭൂരിഭാഗം കടകളിലും അമിത രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കള്‍ വില്‍ക്കാറില്ല.
എന്നാല്‍ ഓണ്‍ലൈൻ രംഗത്ത് വില്പന എളുപ്പത്തില്‍ നടത്താൻ കഴിയും. ഓണ്‍ലൈൻ വിപണിയില്‍ സജീവമായ പല ഉല്പന്നങ്ങളും വിദേശ കമ്പനികളുടെ പേരിലുള്ളവയാണ്. ഇവ പരിശോധനയ്ക്കായി ശേഖരിക്കുമ്പോള്‍ നിർമാതാവ് ആരാണെന്നോ എവിടെയാണ് നിർമിച്ചതെന്നോ വ്യക്തമാകുന്നില്ല. പല പാക്കറ്റുകളിലും ചേരുവകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും രേഖപ്പെടുത്താറില്ല.
അതിനാല്‍ ഉല്പന്നങ്ങള് എവിടെ നിന്നാണ് ലഭ്യമാകുന്നത് എന്നതില്‍ ഉപഭോക്താക്കള്‍ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. അംഗീകൃത റീസെല്ലർമാരില്‍ നിന്ന് മാത്രം ഉല്പന്നങ്ങള് വാങ്ങാൻ ശ്രദ്ധിക്കണം. ഓണ്‍ലൈനില്‍ വില്‍ക്കപ്പെടുന്ന പല സൗന്ദര്യവർധക വസ്തുക്കളും ആരാണ്, എവിടെയാണ് ഉല്പാദിപ്പിച്ചതെന്ന് പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. മനുഷ്യശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങള് ഓണ്‍ലൈൻ വഴി വ്യാപകമായി വില്ക്കുമ്പോഴും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് വഴിയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ വില്പനയ്ക്ക് കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളും കേന്ദ്രസർക്കാർ കൊണ്ടുവന്നാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ കഴിയൂ.






