ചങ്ങനാശേരി: ചങ്ങനാശേരി സോണല്‍ കരിസ്മാറ്റിക് കണ്വന്ഷന് 20 മുതല്‍ 24 വരെ എസ്ബി കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കിയ ജര്‍മന്‍ മാതൃകയിലുള്ള പന്തലില്‍ നടത്തും.
ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്വന്ഷന് സമയം. സോണല്‍ കാത്തലിക് കരിസ്മാറ്റിക് കമ്മിറ്റിയുടെ സുവര്‍ണജൂബിലിയുടെ ഭാഗമായി നടക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അതിരൂപത കാത്തലിക് കരിസ്മാറ്റിക് സോണ്‍ ഡയറക്ടര്‍ ഫാ. മാത്യു താന്നിയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊ മിനിക് വാളന്മനാലും എഴുപതംഗ ടീമും കണ്വന്ഷന് നയിക്കും.
20ന് 3.30ന് ജപമാലയോടെ കണ്വന്ഷന് ആരംഭിക്കും. ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. 21ന് വൈകുന്നേരം നാലിന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍.ആന്റണി എത്തക്കാട്ട് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. പത്തനംതിട്ട ബിഷപ് ഡോ. സാമൂവല്‍ മാര്‍ ഐറേനിയോസ് സന്ദേശം നല്‍കും.
22ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കെസിബിസി കരിസ്മാറ്റിക് കണ്വന്ഷന് സെക്രട്ടറി ഫാ. ഡോ. ജോണ്സണ് തുണ്ടയില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.
23ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. അതിരൂപത വികാരിജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സഹകാര്‍മികനായിരിക്കും. സമാപന ദിനമായ 24ന് ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും.സിബിച്ചന് ഉപ്പുകുന്നേല്‍, മോന് ചെത്തിമറ്റം, ബേബിച്ചന് ളാകപ്പറമ്പില്‍, ഡൊമിനിക് മറ്റപ്പറമ്പില്‍, ജോസി കൊണ്ടോടി, സിസ്റ്റര്‍ ചെറുപുഷ്പം എസ്എബിഎസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കാല് ലക്ഷം വിശ്വാസികള്‍ പങ്കെടുക്കും
ആലപ്പുഴ, കോട്ടയം, പത്തനതിട്ട ജില്ലകളിലെ സീറോമലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ വിവിധ ഇടവകകളില്‍നിന്നായി കാല്‍ലക്ഷത്തോളംപേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുമ്പസാരത്തിനും കൗണ്‍സലിംഗിനും പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കണ്‍വന്‍ഷന്റെ വിജയത്തിനായി 250 അംഗ വോളന്റിയര്‍ കമ്മിറ്റി പ്രര്‍ത്തിക്കുന്നുണ്ട്. ചെറുവാഹനങ്ങള്‍ക്ക് എസ്ബി കോളജ് മൈതാനത്തും ബസുകളടക്കം വലിയ വാഹനങ്ങള്‍ക്ക് മൂന്നാംനമ്പര്‍ വേഴക്കാട്ടുചിറ ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനുശേഷം ആളുകള്‍ക്ക് തിരികെപ്പോകാന്‍ കുട്ടനാട് മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസുകളും വാഴൂര്‍, കുറിച്ചി, തോട്ടയ്ക്കാട്, തൃക്കൊടിത്താനം റൂട്ടുകളിലേക്ക് സ്വകാര്യ ബസുകളും ഏര്‍പ്പെടുത്തിയിട്ടുള്ളതായും സംഘാടകര്‍ അറിയിച്ചു.






