എരുമേലി: ശബരിമല തീർത്ഥാടന കാലത്ത് എരുമേലിയിലെ വിവിധ സർക്കാർ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും വലിയതോട്ടിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും നിയമസഭാ പരിസ്ഥിതി സമിതി.
എരുമേലി വലിയതോടും വലിയമ്പല പരിസരവും നേരിട്ട് സന്ദർശിച്ച ശേഷം എരുമേലി ഗ്രാമപഞ്ചായത്ത് ഹാളില്‍ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് സമിതി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
വലിയതോടിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ ഒരു വകുപ്പും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. സമിതി സന്ദർശിക്കുന്ന ദിവസം പോലും തോട് മാലിന്യം നിറഞ്ഞ് കിടക്കുന്നത് നാടിന് നാണക്കേടാണെന്നും, എല്ലാവരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും സമിതി വിലയിരുത്തി.
ഉദ്യോഗസ്ഥർ തമ്മിലുള്ള 'അന്തർധാര' പൊട്ടിക്കുമെന്നും ഉത്തരവാദിത്വം നിറവേറ്റാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൂഞ്ഞാർ എം.എല്‍.എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ യോഗത്തില്‍ വ്യക്തമാക്കി.
അര കിലോമീറ്റർ പോലും ദൈർഘ്യമില്ലാത്ത തോടിന്റെ ഭാഗം വൃത്തിയാക്കാൻ പോലും സാധിക്കാത്തത് ഗൗരവകരമാണ്. സമിതിയുടെ ശുപാർശകള്‍ക്കായി കാത്തുനില്‍ക്കാതെ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നാളെ മുതല്‍ ദിവസേനയുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ ആരംഭിക്കണം.
130-ഓളം ശുചീകരണ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ക്ഷേത്രത്തിന് മുൻപില് പോലും മാലിന്യം കുന്നുകൂടുകയാണ്.
കോടികള്‍ ചെലവഴിച്ച് നിയോഗിച്ച ഈ സേനാംഗങ്ങളെ കൃത്യമായി ഉപയോഗിക്കുന്നതില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടായിട്ടുണ്ട്. ഇവർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അടിയന്തരമായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും സമിതി ആവശ്യപ്പെട്ടു.
വലിയതോടിനോട് ചേർന്നുള്ള കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി അടിയന്തരമായി സർവ്വേ നടപടികള്‍ ആരംഭിക്കാനും, കയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഉടൻ ഒഴിപ്പിക്കാനും സമിതി നിർദേശം നല്കി.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായാണ് നിയമസഭാംഗങ്ങളും ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും എരുമേലിയിലെത്തിയത്.
പൂഞ്ഞാർ എം.എല്‍.എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മൻ എന്നിവരുള്‍പ്പെടെ അഞ്ചോളം നിയമസഭാംഗങ്ങളും ജില്ലാ കളക്ടറും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുത്തു.





